'രണ്ടാമൂഴം' എം.ടിക്ക് തന്നെ: ശ്രീകുമാർ തിരക്കഥ തിരിച്ചുനൽകും

Saturday 19 September 2020 12:00 AM IST

ന്യൂഡൽഹി: 'രണ്ടാമൂഴം" സിനിമയാക്കുന്നത് സംബന്ധിച്ച് എം.ടി. വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. ഒത്തുതീർപ്പ് ധാരണപ്രകാരം കഥയ്‌ക്കും തിരക്കഥയ്‌ക്കും എം.ടിക്കാണ് പൂർണ അവകാശം. തിരക്കഥ ശ്രീകുമാർ മേനോൻ മടക്കി നൽകുമെന്നും. അഡ്വാൻസ് തുകയായി വാങ്ങിയ 1.25 കോടി എം.ടി തിരികെ കൊടുക്കും. ശ്രീകുമാർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. മഹാഭാരതത്തെ കുറിച്ച് സിനിമ ചെയ്യാമെങ്കിലും ഭീമൻ കേന്ദ്ര കഥാപാത്രമാവരുത്.

ഒത്തുതീർപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ കോടതിയിലും സുപ്രീംകോടതിയിലുമുള്ള കേസുകൾ പിൻവലിക്കാനും തീരുമാനമായി. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. കോഴിക്കോട് മുനിസിഫ് കോടതിയിൽ എം.ടി നൽകിയ ഹർജി പിൻവലിക്കുന്നതോടെ ഒത്തുതീർപ്പ് കരാർ പ്രാബല്യത്തിൽ വരും. തന്റെ ആവശ്യം അംഗീകരിച്ചതിൽ സന്തോഷമെന്ന് എം.ടി. വാസുദേവൻ നായർ പ്രതികരിച്ചു. എം.ടിയോട് എന്നും ബഹുമാനമാണെന്നും അദ്ദേഹത്തിന് ആശ്വാസം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമായിരുന്നു വി.എ. ശ്രീകുമാറിന്റെ പ്രതികരണം.

രണ്ടാമൂഴത്തിന്റെ തിരക്കഥ കൈമാറി മൂന്ന് വർഷത്തിനികം സിനിമ തുടങ്ങണമെന്നായിരുന്നു എം.ടിയും വി.എ. ശ്രീകുമാറുമായുള്ള ധാരണ. 2014 ലായിരുന്നു കരാറിൽ ഒപ്പിട്ടത്. എന്നാൽ നാല് വർഷം പിന്നിട്ടിട്ടും നടപടികൾ ആരംഭിക്കാത്തതിനെ തുടർന്നാണ് എം.ടി സംവിധായകനും നിർമ്മാണ കമ്പനിക്കുമെതിരെ കോഴിക്കോട് മുനിസിഫ് കോടതിയെ സമീപിച്ചത്.