സ്വർണക്കടത്ത് : ആദായ നികുതി വകുപ്പും കളത്തിൽ
കൊച്ചി : സ്വർണക്കടത്ത് കേസിൽ കസ്റ്റംസിനും എൻ.ഐ.എയ്ക്കും ഇ.ഡിക്കും പിന്നാലെ ആദായ നികുതി വകുപ്പും കളത്തിലിറങ്ങുന്നു.
കേസിലെ 12 പ്രതികൾ ആദായ നികുതി വെട്ടിപ്പ് നടത്തിയെന്ന വിലയിരുത്തലിൽ ഇവരെ ചോദ്യം ചെയ്യാൻ അനുമതി തേടി ആദായ നികുതി വകുപ്പ് അധികൃതർ എറണാകുളത്തെ സാമ്പത്തിക കുറ്റ വിചാരണ കോടതിയിൽ അപേക്ഷ നൽകി.മുഖ്യ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ്. കെ.ടി. റമീസ് എന്നിവർക്കു പുറമേ ഹംജദ് അലി, എ.എം. ജലാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, സെയ്ത് അലവി എന്നിവരെക്കൂടി ചോദ്യം ചെയ്യാനാണ് അപേക്ഷ. ഒമ്പതു പ്രതികളും തങ്ങളുടെ വരുമാനവും സാമ്പത്തിക ഇടപാടുകളും വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ആദായ നികുതി നിയമപ്രകാരം നടപടി സാദ്ധ്യമാണ്. സ്വപ്നയുടെ ലോക്കറുകളിൽ നിന്ന് കണ്ടെത്തിയ ഒരു കിലോയോളം സ്വർണവും ഒരു കോടി രൂപയും സ്രോതസ് വെളിപ്പെടുത്താത്ത സമ്പത്താണെന്നും അപേക്ഷയിൽ പറയുന്നു. കോടതി 22 ന് അപേക്ഷ പരിഗണിക്കും.