മൂന്നുദിവസം അതിതീവ്ര മഴ

Sunday 20 September 2020 12:33 AM IST

ഇന്നും നാളെയും ഓറഞ്ച് അലേർട്ട്

പാലക്കാട്: തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ മഴ വീണ്ടും കനത്തു. മലയോര മേഖലകളിൽ വെള്ളിയാഴ്ച തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിൽ ഇതുവരെ മഴക്കെടുതി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

ജൂൺ ഒന്നുമുതൽ ഈ മാസം 19 വരെ ജില്ലയിൽ ലഭിക്കേണ്ടത് 1454.6 മില്ലി മീറ്റർ മഴയായിരുന്നെങ്കിലും 8% അധിക മഴ ലഭിച്ചു. ഇതിൽ കൂടുതൽ മഴ രേഖപ്പടുത്തിയത് കഴിഞ്ഞ 48 മണിക്കൂറിലാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ശനിയാഴ്ച രാവിലെ എട്ടുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് ഒറ്റപ്പാലത്താണ്- 31.2 എം.എം. കുറവ് ചിറ്റൂരിലും 5എം.എം. പാലക്കാട്-26.2, ആലത്തൂരും കൊല്ലങ്കോടും- 23 എം.എം, പട്ടാമ്പി- 21.5, തൃത്താല- 21.1, പറമ്പിക്കുളം- പത്ത് എം.എം എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ കണക്ക്.

തെക്കൻ ചൈന കടലിൽ രൂപപ്പെട്ട 'ന്യോൾ' ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചതായും ഇത് ന്യൂനമർദമായി രൂപപ്പെടുന്നത്തിന്റെ സ്വാധീനത്തിൽ അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് മഴ ശക്തമായ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് 19, 20, 21 തിയതികളിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കും. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴകി വീണുള്ള അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. അതിനാൽ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണം.

മലമ്പുഴയും പോത്തുണ്ടിയും തുറക്കും

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരുന്ന സഹാചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറക്കാൻ സാദ്ധ്യതയുള്ളതായി അധികൃതർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

105.90 മീറ്ററാണ് പോത്തുണ്ടിയിലെ ഇന്നലെത്തെ ജലനിരപ്പ്. പരമാവധി ശേഷി 108.204 മീറ്ററും. മലമ്പുഴയിൽ നിലവിൽ 113.34 മീറ്ററാണ്. ശേഷി 115.06 മീറ്ററും.