കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതൽ രൂക്ഷമായി രാജ്യത്ത് പ്രകടമാകും, കേരളത്തിലേത് ജനിതക മാറ്റം സംഭവിച്ച വൈറസ്: മുഖ്യമന്ത്രി

Saturday 19 September 2020 7:32 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതൽ രൂക്ഷമായി രാജ്യത്ത് പ്രകടമാകാൻ പോകുന്നതായാണ് റിപ്പോർട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർദ്ധിച്ച രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിദഗ്ദ പഠനത്തിലൂടെയുള്ള നിഗമനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽ നിന്നുമുള്ള 170 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്തുവാനും അവയുടെ വംശാവലി സാർസ് കോവ് 2വിന്റെ ഇന്ത്യൻ ഉപവിഭാഗമായ 2എ എ2എ ആണെന്ന് നിർണയിക്കാനും സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വംശാവലിയിൽപ്പെട്ട രോഗാണുക്കൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വടക്കൻ ജില്ലകളിൽ നിന്നുമെടുത്ത സാംപിളുകളിൽ നിന്നും ലഭിക്കുന്നത് വിവരപ്രകാരം ഒഡിഷ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്. അദ്ദേഹം വിശദീകരിച്ചു.

അയൽസംസ്ഥാനങ്ങളിൽ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തിൽ വലിയ ആഘാതം തന്നെ സൃഷ്ടിക്കും. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് നാമിപ്പോൾ ഉള്ളത്. പ്രതിരോധ നടപടികൾ കൂടുതൽ കർശനമായി പാലിക്കാൻ നമുക്കാവണം. മുഖ്യമന്ത്രി പറയുന്നു.