മോട്ടോർ വാഹന വകുപ്പ് സ്മാർട്ടാണ്
- ട്രാഫിക് നിയമം തെറ്റിച്ചാൽ ഞൊടിയിടയിൽ തെളിവ് സഹിതം ആപ്പിലാക്കും
പാലക്കാട്: വാഹൻ, സാരഥി സോഫ്‌റ്റ് വെയറുകൾക്ക് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയും കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെ പിഴയിനത്തിൽ വരുമാനം വർദ്ധിച്ചു. അമിത വേഗത, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര തുടങ്ങി ഗതാഗത നിയമം ലംഘിച്ചവരിൽ നിന്ന് ജില്ലയിൽ ഇതുവരെ 2,60,852 രൂപയാണ് പിഴയീടാക്കിയത്. 3,62,100 രൂപ ഇനിയും ലഭിക്കാനുണ്ട്.
കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന വകുപ്പിനായി ഇ-ചലാൻ ആപ്പ് വികസിപ്പിച്ചത്. ആദ്യഘട്ടത്തിൽ ആറ് ഇ-ചലാൻ മെഷീനുകളാണ് ജില്ലയിലേക്കെത്തിച്ചത്. അന്തർ സംസ്ഥാന പാതകളിൽ ഉൾപ്പെടെ പരിശോധന നടത്തുന്ന വിവിധ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് മെഷീൻ ഉപയോഗിക്കുന്നത്. ഇ-ചലാൻ ആപ്പ് വാഹൻ സോഫ്‌റ്റ് വെയറുമായി ബന്ധിച്ചിട്ടുള്ളതിനാൽ നിയമ ലംഘനം ഫോട്ടോയിൽ പകർത്തുന്ന ഉദ്യോഗസ്ഥർക്ക് വേഗത ഉൾപ്പടെ വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈയിലുള്ള മെഷീനിൽ ലഭിക്കും.
വാഹനം ഓടിച്ച ആളിന്റെ ലൈസൻസ് നമ്പർ മെഷീനിൽ നൽകിയാൽ ആ വിവരവും ഓട്ടോമാറ്റിക്കായി ചേർക്കപ്പെടും. തുടർന്ന് ഏത് നിയമമാണ് ലംഘിച്ചതെന്ന് ഓപ്ഷൻ സെലക്ട് ചെയ്യുകയേ വേണ്ടു. കുറ്റകൃത്യം ചേർക്കുമ്പോൾ 2019 ലെ മോട്ടോർ വാഹന വകുപ്പ് ഭേദഗതി പ്രകാരം നിശ്ചയിച്ച തുക മെഷീനിൽ തെളിയും. ഫയൽ സമർപ്പിക്കുന്നതോടെ ഈ വിവരങ്ങളെല്ലാം മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിലും ഓട്ടോമാറ്റിക്കായി അപ്‌ലോഡാകും.
ഇതിന്റെ ലിങ്ക് വാഹനം ഓടിച്ച ആളിന്റെ ഫോണിലേക്ക് സന്ദേശമായെത്തും. കൈയിൽ കാശില്ലെങ്കിൽ അക്ഷയ കേന്ദ്രം വഴിയോ മറ്റ് ഉപാധികളിലൂടെയോ നിശ്ചിത ദിവസത്തിനുള്ളിൽ പണമടയ്ക്കാം.
പരിശോധന എളുപ്പമായി
- പരിശോധനയുടെ ഫോട്ടോകളും സ്ഥലവുമുൾപ്പെടെയുള്ള സകല വിവരങ്ങളും ഏത് മേലുദ്യോഗസ്ഥർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.
- ഇ-ചലാൻ ആപ് പരിവാഹൻ സൈറ്റുമായി ബന്ധിപ്പിച്ചതിനാൽ രാജ്യത്തെ ഏത് വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങളും പിഴകളും ഇനി മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റിന് ലഭിക്കും.
- അമിത വേഗത്തിലോ കൈകാണിച്ച് നിറുത്താതെ പോയാലോ വാഹന ഉടമകളുടെ ഫോണിലേക്ക് പിഴയൊടുക്കാനുള്ള സന്ദേശമെത്തും.
ജോലിഭാരം കുറഞ്ഞു
"കാലാകാലങ്ങളായി ട്രാഫിക് നിയമ ലംഘന കുറ്റപത്രം നൽകാൻ പേപ്പറും പേനയും ഉപയോഗിച്ചിരുന്നത് ഡിജിറ്റലായതോടെ നടപടി സ്വീകരിക്കുക എളുപ്പവും സുതാര്യവുമായി. ഉദ്യോഗസ്ഥരും യാത്രക്കാരും നേരിടുന്ന സമയനഷ്ടം ഒരു പരിധിവരെ ഒഴിവായി. ഏത് സമയത്തും എവിടെ വെച്ചും പിഴയടക്കാം. ഇത് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങൾക്കും ബാധകമാണ്."
-വി.എ.സഹദേവൻ, ജോയിന്റ് ആർ.ടി.ഒ, പാലക്കാട്.