അനാവരണത്തിന് മുൻപ് താത്കാലിക ഗ്ലാസ് മേൽക്കൂര ഗുരുദേവ പ്രതിമയ്‌ക്ക് മണ്ഡപം നിർമ്മിക്കും
തിരുവനന്തപുരം :തലസ്ഥാനത്ത് സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ വെങ്കല പ്രതിമയ്‌ക്ക് മണ്ഡപം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു.
മഹാസമാധിദിനമായ നാളെ രാവിലെ 9.30ന് മ്യൂസിയത്തിനു സമീപം ഒബ്‌സർവേറ്ററി ഹിൽസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമ അനാവരണം ചെയ്യും. അതിന് മുൻപ് താത്കാലികമായി ഗ്ളാസ് മേൽക്കൂര സ്ഥാപിക്കും. പിന്നീട് പ്രതിമയ്‌ക്ക് യോജിച്ച മണ്ഡപം നിർമ്മിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ടി.ആർ.സദാശിവൻ നായർ പറഞ്ഞു.
ഗുരുദേവ പ്രതിമയ്‌ക്ക് മണ്ഡപം നിർമ്മിക്കണമെന്ന ആവശ്യം മുൻനിറുത്തി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
വിഖ്യാതമായ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. എട്ടടി ഉയരമുള്ള പൂർണകായ വെങ്കല പ്രതിമ പത്തടി ഉയരമുള്ള ഗ്രാനൈറ്റ് പീഠത്തിലാണ് സ്ഥാപിക്കുന്നത്. മഹാഗുരുവിന്റെ പ്രതിമ തുറസായ സ്ഥലത്ത് വെയിലും മഴയും പൊടിയുമേറ്റും പക്ഷികൾ കാഷ്ഠിച്ചും മലിനമാവുന്നത് ഒഴിവാക്കാൻ മണ്ഡപം നിർമ്മിക്കണമെന്ന് സാംസ്‌കാരിക നായകരും ഗുരുഭക്തരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ശില്പിയുടെ സൃഷ്ടി പൂർണമായും കാഴ്ചക്കാർക്ക് മനസിലാക്കാനായി മണ്ഡപം ഒഴിവാക്കിയതാണെന്നും പറഞ്ഞു കേട്ടു. ഇത് ഗുരുവിനോടുള്ള അനാദരവാണെന്ന് പൊതുവേ പരാതി ഉയർന്നു.
കേരളകൗമുദി വാർത്ത കണ്ട് സ്ഥലം സന്ദർശിച്ച സി.ദിവാകരൻ എം.എൽ.എ, മണ്ഡപം നിർമ്മിക്കണമെന്ന് സാംസ്‌കാരിക മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മേൽക്കൂരയ്‌ക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് പണവും വാഗ്ദാനം ചെയ്‌തു.
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി , സാഹിത്യകാരൻ ഡോ .ജോർജ്ജ് ഓണക്കൂർ എന്നിവരും മണ്ഡപമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
സാംസ്കാരിക വകുപ്പ് 1.19 കോടി രൂപ ചെലവിട്ടാണ് പ്രതിമയും ഉദ്യാനവും നിർമ്മിക്കുന്നത്. പ്രതിമയ്‌ക്ക് 39 ലക്ഷം രൂപയും ഉദ്യാനത്തിനും ചുറ്റുമതിലിനും 80 ലക്ഷം രൂപയും. പൂന്തോട്ടവും സന്ദർശകർക്കായി ഇരിപ്പിടവും ഒരുക്കും. ചുറ്റുമതിലിൽ ഗുരുവിന്റെ ജീവചരിത്രം വിവരിക്കുന്ന 25ലധികം ചുമർ ശില്പങ്ങളും സ്ഥാപിക്കും. ശില്പി ഉണ്ണി കാനായിയാണ് എട്ട് ക്വിന്റൽ ഭാരമുള്ള പ്രതിമ രണ്ടര വർഷമെടുത്ത് നിർമ്മിച്ചത്. ഉദ്യാനത്തിന്റെയും ചുറ്റുമതിലിന്റെയും പണി തുടങ്ങിയിട്ടില്ല.
"ഗുരുദേവ പ്രതിമയുടെ അനാവരണത്തിന് മുൻപ് താത്കാലിക ഗ്ലാസ് മേൽക്കൂര സ്ഥാപിക്കും. സ്ഥിരമായ മണ്ഡപം വരുന്നതുവരെ ഇത് നിലനിർത്തും".
- ടി.ആർ.സദാശിവൻ നായർ
ഡയറക്ടർ, സാംസ്‌കാരിക വകുപ്പ്