കൂടത്തിൽ കേസിൽ സ്വത്ത് കൈമാറ്റം തടഞ്ഞ് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ നിശ്ചിത ഇടവേളകളിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ വഴിത്തിരിവ്. ഒടുവിൽ മരിച്ച ജയമാധവൻ നായർ (63) സ്വത്ത് കൈമാറ്റത്തിന് അനുമതി നൽകിയെന്ന കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ കേസിൽ പ്രതിചേർത്തേക്കും.
ജയമാധവന്റെ കുടുംബത്തിലെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ നടന്ന ഗൂഢാലോചന സംബന്ധിച്ചും അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇതോടെ ഉമാമന്ദിരത്തിന്റെ സ്വത്ത് വിൽപ്പനയും നിർമ്മാണ പ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോർപറേഷനും രജിസ്‌ട്രേഷൻ വകുപ്പിനും ജില്ലാ ക്രൈം ബ്രാഞ്ച് കത്ത് നൽകി.
ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയിൽ പോയിട്ടില്ലെന്നും 5 ലക്ഷം രൂപ രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്ക് ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ മറ്റൊന്ന് വിളിച്ച് ജയമാധവനെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരി പ്രസന്നകുമാരിഅമ്മയും മൊഴി നൽകിയിരുന്നു.
തലയിലെ മുറിവാണ് ജയമാധവന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. തലയിലെ പരിക്ക് സ്വാഭാവികമായ വീഴ്ചയിൽ ഉണ്ടായതാണോ അല്ലയോ എന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.
ജയമാധവന്റെ മരണത്തിനു ശേഷം അകന്ന ബന്ധുവായ മുൻ കളക്ടർ മോഹൻദാസ് ഉൾപ്പെടെയുളളവർ യോഗം ചേർന്ന് രേഖകളുണ്ടാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ.
നിഗൂഢമായ മൊഴി
2017 ഏപ്രിൽ രണ്ടിന് കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കണ്ടെന്നും ഒാട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. സ്വത്ത് വിൽക്കാൻ അനുമതി പത്രം നൽകിയെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതു കളവാണെന്ന് കണ്ടെത്തി.
സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം അയൽവാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറിന് ശേഷം എന്തിനാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതെന്നതും സംശയകരമാണ്.