നിയമനതട്ടിപ്പ് കേസ് എഴുതിത്തള്ളുന്നത് സി.പി.എമ്മുകാരെ രക്ഷിക്കാൻ: സുരേന്ദ്രൻ

Sunday 20 September 2020 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്​റ്റന്റ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ആദ്യ കു​റ്റപത്രത്തിൽ പ്രതികൾ തട്ടിപ്പ് നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയതാണ്. നിയമനങ്ങളിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും വ്യാപകക്രമക്കേടും അധികാര ദുർവിനിയോഗവും നടന്നുവെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും റാങ്ക് പട്ടിക റദ്ദാക്കണമെന്നും യൂണിവേഴ്സി​റ്റി നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും ലോകായുക്ത ജസ്​റ്റിസ് എൻ. കൃഷ്ണൻ നായരും, ഹൈക്കോടതി നിയമിച്ച ജഡ്ജ് സുകുമാരൻ കമ്മിഷനും, ലോകായുക്ത ജസ്​റ്റിസ് ജി.ശശിധരനും വെവ്വേറെ റിപ്പോർട്ടുകളിലൂടെ വിധിച്ചതാണ്. കോപ്പിയടിച്ച എസ്.എഫ്.ഐക്കാരെ തിരുകികയ​റ്റി പി.എസ്.സി റാങ്ക് ലിസ്​റ്റ് അട്ടിമറിച്ചതിനു സമാനമായാണ് അസിസ്റ്റന്റ് നിയമന തട്ടിപ്പും ഇടതുസർക്കാർ നടത്തിയതെന്ന് സുരേന്ദ്രൻ കു​റ്റപ്പെടുത്തി.