എ.സി റോഡ് ടെൻഡർ നടപടി പൂർത്തിയായി: മന്ത്രി
തിരുവനന്തപുരം: റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 672 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന 24.14 കിലോമീറ്റർ ദൈർഘ്യമുള്ള ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തിയായതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.ആലപ്പുഴ ജില്ലയെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുമായി കരമാർഗം ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയാണ് ആലപ്പുഴ-ചങ്ങനാശേരി റോഡ്. 2018ലെ പ്രളയത്തിൽ എ.സി. റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് രണ്ടുമാസം ഗതാഗതം പൂർണമായും നിലച്ചിരുന്നു. മൂന്നുവർഷം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന എ.സി റോഡിന്റെ നിർമ്മാണ ചുമതല നിയമാനുസൃതം നടത്തിയിട്ടുള്ള ടെൻഡർ നടപടികളിലൂടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ലഭിച്ചിട്ടുള്ളത്. എസി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്‌ടോബർ 10 നുള്ളിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു.