ഗുരുദേവ പ്രതിമ മണ്ഡപത്തിൽ പ്രതിഷ്ഠിക്കണം

Sunday 20 September 2020 11:10 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തുറന്ന പീഠത്തിൽ സ്ഥാപിച്ച് പക്ഷികൾക്ക് കാഷ്ടിക്കാൻ അവസരമൊരുക്കുന്നത് ഗുരുവിനോടുള്ള അനാദരവാണെന്ന് ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

കലാകാരന്റെ പ്രശസ്തിക്കു വേണ്ടി ഗുരുവിന്റെ വിഗ്രഹത്തെ ഉപകരണമാക്കരുത്. ഉചിതമായ മണ്ഡപം നിർമിച്ച് പ്രതിഷ്ഠ നടത്തണം. ശിവഗിരിയിലെ സന്യാസിമാരുടെ അഭിപ്രായം സ്വീകരിച്ച് സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമിതി ഇന്റർനാഷണൽ പ്രസിഡന്റ് ഡോ.ഷാജി പ്രഭാകരൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കായലിൽ രാജപ്പൻ അദ്ധ്യക്ഷനായി. ഇന്റർനാഷണൽ സെക്രട്ടറി വി.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എൻ.രത്നാകരൻ, എസ്.കെ സുരേഷ്, ടി.എൻ ജയപ്രകാശ്, ജ്ഞാനകുമാർ, കുവുങ്ങിൻകോട് ഭാർഗവൻ എന്നിവർ സംസാരിച്ചു.