#മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ സ്ഥലത്ത് രണ്ട് അപകടം ടാങ്കർ ലോറിയിലും കാറിലുമിടിച്ച് പച്ചക്കറി ലോറി മറിഞ്ഞു : ലോറിക്ക് പിന്നിൽ ലോറിയിടിച്ചു

Sunday 20 September 2020 2:20 AM IST

ആലുവ: ദേശീയപാതയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ സ്ഥലത്ത് രണ്ട് അപകടം. പറവൂർ കവല സിഗ്നലിൽ ഇന്നലെ പുലർച്ചെ അഞ്ചിനാണ് ആദ്യ അപകടം. ചരക്ക് ലോറിക്ക് പിന്നിൽ മറ്റൊരു ചരക്ക് ലോറി ഇടിക്കുകയായിരുന്നു. പിന്നിലെ ലോറിയുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആലുവയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രണ്ടാമത്ത് അപകടം നടന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. പാചക വാതകവുമായി പോയ ടാങ്കർ ലോറിയിലും കാറിലുമിടിച്ച് പച്ചക്കറിയുമായി വന്ന ലോറി മറിയുകയായിരുന്നു. മറിഞ്ഞ ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഇയാളെ ആലുവയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ പച്ചക്കറി തെറിച്ച് വീണതും ലോറി കുറുകെ കിടന്നതും ഗതാഗത സ്തംഭനത്തിനിടയാക്കി. ആലുവ പൊലീസ് തുടർ നടപടികളെടുത്തു.