മന്ത്രി ഇ.പി. ജയരാജനും ഭാര്യയും ആശുപത്രി വിട്ടു
Saturday 19 September 2020 11:23 PM IST
കണ്ണൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മന്ത്രി ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയും ആശുപത്രി വിട്ടു. ഇരുവരോടും ഒരാഴ്ച വീട്ടിൽ വിശ്രമിക്കാൻ മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ 11നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് കൺവീനറുമായ കൊവിഡ് മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലുള്ള എട്ടംഗ ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘമാണ് ഇവരെ പരിശോധിച്ചത്.
അവസാന പരിശോധനയിലും നെഗറ്റീവായതോടെയാണ് ഇവർ ആശുപത്രി വിട്ടത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരോട് ഇ.പിയും ഭാര്യയും നന്ദി പറഞ്ഞു.