സ്വർണം പണമാക്കൽ പദ്ധതി: പൊന്നിൽ തിളങ്ങി ബാങ്കുകൾ

Monday 21 September 2020 3:38 AM IST

കൊച്ചി: കേന്ദ്രസർക്കാരിന്റെ സ്വർണം പണമാക്കാൽ പദ്ധതിയുടെ ഭാഗമായി 2015 നവംബർ അഞ്ചുമുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ രാജ്യത്തെ ബാങ്കുകൾ നേടിയത് 20,547 കിലോഗ്രാം നിക്ഷേപം. ക്ഷേത്രങ്ങളിലും വീടുകളിലുമായി 'വെറുതേ" കിടക്കുന്ന സ്വർണം വിപണിയിലെത്തിച്ച്, രാജ്യ വികസനത്തിന് പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആഭരണ നിർമ്മാണത്തിനും മറ്റുമുള്ള സ്വർണത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും അതുവഴി ധനക്കമ്മി നിയന്ത്രിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. സ്വർണക്കട്ടി, സ്വർണനാണയം, ആഭരണം എന്നിവയാണ് ബാങ്കുകളിൽ നിക്ഷേപിക്കാനാവുക; കുറഞ്ഞത് 30 ഗ്രാം നിക്ഷേപിക്കാം.

ഒന്നുമുതൽ മൂന്നുവർഷം വരെയും 5 മുതൽ 15 വർഷം വരെയും നിക്ഷേപിക്കാവുന്ന പദ്ധതികളുണ്ട്. 0.50 ശതമാനം മുതൽ 2.50 ശതമാനം വരെയാണ് പലിശനിരക്ക്.

പൊന്നണിഞ്ഞ്

എസ്.ബി.ഐ

എസ്.ബി.ഐ അടക്കം ആറ് ബാങ്കുകൾ ചേർന്ന് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ സ്വർണ നിക്ഷേപം 4,643.25 കിലോയാണ്. 2018-19ലെ 2,763.12 കിലോയേക്കാൾ 68 ശതമാനം അധികം. ഇതിൽ 4,370.65 കിലോയും (94 ശതമാനം) എത്തിയത് എസ്.ബി.ഐയിലാണ്. 4.5 ശതമാനവുമായി എച്ച്.ഡി.എഫ്.സി ബാങ്കാണ് രണ്ടാമത്.