ആലപ്പുഴയിലെ ബോട്ട് തകർന്ന് വെള്ളയിൽ കടപ്പുറത്ത് അടിഞ്ഞു

Monday 21 September 2020 12:07 AM IST

കോഴിക്കോട് : ആലപ്പുഴയിൽ നിറുത്തിയിട്ട ബോട്ട് കടൽക്ഷോഭത്തിൽ കുടുങ്ങിയതിന് പിറകെ രണ്ടാഴ്ചയ്ക്കു ശേഷം തകർന്ന നിലയിൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് അടിഞ്ഞു. ആലപ്പുഴ സ്വദേശി കെ. സുനിലിന്റ ബോട്ടാണിത്.

ബോട്ടിലുണ്ടായിരുന്ന ഏഴ് മത്‌സ്യത്തൊഴിലാളികളെ മറ്റ് ബോട്ടുകാർ രക്ഷിക്കുകയായിരുന്നു. സെപ്തംബർ ആറിന് മത്സ്യബന്ധനത്തിനു ശേഷം ആലപ്പുഴയിൽ തിരിച്ചെത്തിയ ബോട്ട് കായലിൽ കയറ്റാനായി നിറുത്തിയിട്ടതായിരുന്നു. പെട്ടെന്ന് കടലിൻറെ സ്വഭാവം മാറിയതോടെ ബോട്ട് കടലിൽ അകപ്പെടുകയാണുണ്ടായത്. ബോട്ട് തൃശൂരിലും പൊന്നാനിയിലും വെച്ച് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും കരയിലെത്തിക്കാൻ സാധിച്ചില്ല. ഒടുവിൽ വെള്ളയിൽ കടപ്പുറത്ത് അടിയുകയായിരുന്നു. ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വലിയ ബോട്ടാണ് തകർന്നടിഞ്ഞത്. ബോട്ടിന് 20 ലക്ഷം രൂപയോളം വില വരും. നാലു ലക്ഷം വില വരുന്ന മൂന്നു വലകളും മൂന്ന് എൻജിനുകളും ബോട്ടിലുണ്ടായിരുന്നുവെന്നും ഉടമ പറഞ്ഞു. സുനിലിന്റ ഉടമസ്ഥതയിലുള്ള മറ്റൊരു ബോട്ടും തകർന്നിരുന്നു.