മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വൃദ്ധനെ രക്ഷപ്പെടുത്തി
അടിമാലി: കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിൽ കുടുങ്ങിയ വൃദ്ധനെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. ഇരുപതേക്കർ ഭാഗത്തേക്കുള്ള പാലത്തിന്റെ തൂണിന്റെ തറയിൽ കുടുങ്ങിപ്പോയ ബൈസൺവാലി സ്വദേശി മണ്ണിൽപ്പുരയിടം ബേബിച്ചനെ (70) യാണ് മൂന്നാർ, അടിമാലി ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തി രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. വീടുപേക്ഷിച്ച് നടന്നിരുന്ന ബേബിച്ചൻ കുറച്ച് കാലമായി പാലത്തിന്റെ അടിയിൽ കരയോട് ചേർന്നുള്ള തൂണിന്റെ തറയിലാണ് രാത്രി ഉറങ്ങാറുള്ളത്. പതിവുപോലെ കഴിഞ്ഞ രാത്രിയും അവിടെ കിടന്നുറങ്ങിയെങ്കിലും കനത്ത മഴയെത്തുടർന്ന് വെള്ളം പൊങ്ങിയതോടെ ഒഴുക്കിൽപ്പെടുന്ന സ്ഥിതിയിലായി. വെള്ളം കുത്തൊഴുക്കിൽപ്പെടുന്ന അവസ്ഥയിൽ നിൽക്കുന്ന ബേബിച്ചനെക്കണ്ട് സമീപവസി നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. വൈകാതെ മൂന്നാർ, അടിമാലി ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. കുതിച്ചൊഴുകുന്ന പുഴയിൽ ഇറങ്ങിയ ഇവർ ഒഴുക്ക് വകവയ്ക്കാതെ ബേബിച്ചന്റെ സമീപമെത്തി വലയിൽ പൊതിഞ്ഞ ശേഷം പാലത്തിന്റെ മുകളിലേയ്ക്ക് വലിച്ച് കയറ്റി രക്ഷപെടുത്തുകയായിരുന്നു. അവശനിലയിലായിരുന്നബേബിച്ചനെ ചിത്തിരപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തലേക്ക് മാറ്റി. അടിമാലി യൂണിറ്റ് ഓഫീസർ പ്രദീപ്,മൂന്നാർ സ്റ്റേഷൻ ഫയർ ഓഫീസർ ബാബുരാജ്, ലീഡിംഗ് ഫയർമാൻമാരായ ബാബു, ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തി അഞ്ചോളം അഗ്‌നിശമന സേനാംഗങ്ങളാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.