തൊടുപുഴയുടെ 'ഔസേപ്പച്ചൻ" നിയമസഭ കയറിയിട്ട് അമ്പത് വർഷം

Monday 21 September 2020 11:33 PM IST

കോട്ടയം: 1970 നിയമസഭ, സാക്ഷാൻ ഉമ്മൻചാണ്ടിയും പിണറായി വിജയനുമെല്ലാം ആദ്യമായി തിരഞ്ഞെടുപ്പ് ജയിച്ച് നിയമസഭ കയറിയ വർഷം. ഇവർക്കൊപ്പം ഒരു ഇരുപത്തൊമ്പതുകാരനും നിയമസഭയുടെ പടികയറി, തൊടുപുഴ പാലത്തിനാൽ ജോസഫ് ജോസഫ് എന്ന പി.ജെ. ജോസഫ്. ഉമ്മൻചാണ്ടിയെപ്പോലെ തുടർച്ചയായി അമ്പതു വ‌ർഷം ഒരേ മണ്ഡലത്തിൽ നിന്ന് ജയിച്ചുവെന്ന റെക്കാഡില്ലെങ്കിലും ജോസഫും ആദ്യമായി നിയമസഭയിലെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്.'ആഘോഷം വേണ്ട പ്രാർത്ഥന മതി എന്ന് പറഞ്ഞു നിറചിരിയോടെ ആഘോഷം പാട്ടിൽ ഒതുക്കുകയാണ് ജോസഫ്". സി.പി.എം കോട്ടയായ തൊടുപുഴയിൽ നിന്നാണ് 1970ൽ പി.ജെ. ജോസഫ് എന്ന തൊടുപുഴക്കാരുടെ 'ഔസേപ്പച്ചൻ" കന്നിപ്പോരിനിറങ്ങിയത്. 10 തവണ മത്സരിച്ചു. 2001ൽ പി.ടി. തോമസിനോട് തോറ്റു. ഒരു തവണ ലോക്‌സഭയിലേക്ക് മത്സരിക്കാൻ മാറി നിന്നു. ഇതൊഴിച്ചാൽ 40 വർഷമായി ജോസഫ് തൊടുപുഴയുടെ എം.എൽ.എയാണ്.കെ.എം. മാണിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ 1978ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. എട്ടുമാസത്തിനു ശേഷം സുപ്രീംകോടതി വിധിയിലൂടെ മാണി തിരിച്ചെത്തിയപ്പോൾ മാറിക്കൊടുത്തു. 1979ൽ കേരളകോൺഗ്രസ് (ജെ) രൂപീകരിച്ചു. 1980ൽ യു.ഡി.എഫ് സ്ഥാപക കൺവീനറായി. 1989ൽ യു.ഡി.എഫുമായി തെറ്റി മൂവാറ്റുപുഴയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു തോറ്റു. തുടർന്ന് ഇടതു മുന്നണിയിലെത്തി. 2010ൽ ഇടതു മന്ത്രിസഭയിൽ നിന്ന് രാജിവച്ച് കേരളകോൺഗ്രസ് എമ്മിൽ ലയിച്ചു.

ഗായകനായ മന്ത്രി

പി.ജെ ഒരു ഗായകൻ കൂടിയുണ്ട്. തിരഞ്ഞെടുപ്പായാലും പൊതുപരിപാടികളായാലും ജോസഫുണ്ടെങ്കിൽ പാട്ടുമുണ്ടാകും. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ പള്ളി ക്വയറിലും സജീവ സാന്നിദ്ധ്യമായിരുന്നു. കോളേജിലെത്തിയപ്പോൾ പി.ജെയുടെ പാട്ട് ഒഴിവാക്കാൻ പറ്റാത്ത ഘടകമായി. 1960ൽ പുറത്തിറങ്ങിയ ‘സുജാത" എന്ന ഹിന്ദി ചലച്ചിത്രത്തിലെ ‘ജൽതേ ഹേ ജിസ്കേലിയേ" ആണ് ഇഷ്ട ഗാനം.

1984ൽ ശബരിമല ദർശനം എന്ന സിനിമയിൽ പാടി. 'ഇൗ ശ്യാമസന്ധ്യ വിമൂകം സഖീ" എന്ന പാട്ടിലൂടെ ഇന്ത്യയിലെ ആദ്യ പിന്നണി ഗായകനായ മന്ത്രി എന്ന വിശേഷണവും ജോസഫിനൊപ്പമെത്തി.