രാജഗോപാൽ യാത്രയിലാണ്; ഭൂരഹിതരുടെ രക്ഷയ്ക്കായി
കണ്ണൂർ: പദയാത്ര ഗാന്ധിയെന്ന പി.വി. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ലോകസമാധാനം തേടിയുള്ള യാത്ര അവസാന ഘട്ടത്തിലേക്ക്. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജഗോപാലിന് അർമേനിയയിൽ വച്ച് വഴി പിരിയേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം യാത്ര തുടരുകയാണ്.ഇതിനകം വിവിധ ഘട്ടങ്ങളിലായി 35000 കിലോ മീറ്റർ യാത്ര പൂർത്തിയാക്കിയ ഏകതാ പരിഷത്ത് സ്ഥാപകൻ കൂടിയായ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇത്തവണ 11000 കിലോ മീറ്റർ യാത്രയാണ് പദ്ധതിയിട്ടത്. 10,000 കിലോമീറ്ററോളം പൂർത്തിയാക്കി.10 രാജ്യങ്ങളിലാണ് സഞ്ചാരം. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ജനീവയിലെത്തും.
താമസിക്കാൻ വീട്, കൃഷി ചെയ്യാൻ സ്ഥലം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം ഭൂരഹിതരെ സംഘടിപ്പിച്ചുള്ള ജയ് ജഗത് സാർവ്വദേശീയ പദയാത്ര കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ഡൽഹിയിൽ നിന്നു തുടങ്ങിയത്. 50പേരടങ്ങുന്ന സംഘത്തിൽ രാജഗോപാലിനു പുറമെ മലയാളികളായി മറ്റു മൂന്നു പേരുമുണ്ട്. പാലക്കാട് സ്വദേശി അജിത്, കോട്ടയം ചങ്ങനാശേരിയിലെ ബെൻസി, കണ്ണൂർ സ്വദേശിഅനീഷ് തില്ലങ്കേരി എന്നിവർ.
കണ്ണൂർ തില്ലങ്കേരി സ്വദേശിയായ രാജഗോപാൽ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഭൂമിയുടെമേലുള്ള അവകാശത്തിനായി വിവിധ തലങ്ങളിൽ നിരന്തരം പോരാടുകയാണ്. 'സർക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ ആകെ ജനസംഖ്യയിൽ 57 ശതമാനം പേരും ഭൂരഹിതരാണ്. ദേശീയ ഭൂപരിഷ്‌കരണ നയം, സ്ത്രീകർഷക അവകാശ നിയമം എന്നിവ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര.
യാത്രാറൂട്ട്:
ഇന്ത്യ- പാക്കിസ്ഥാൻ- ഇറാൻ- അർമേനിയ, ജോർജിയ, ബുൾഗേറിയ- സെർബിയ- ബോസ് നിയ- ഇറ്റലി- സിറ്റ്സർലണ്ട്
യാത്രകളുടെ തോഴൻ
2007ൽ കന്യാകുമാരിയിൽ നിന്ന് ഡൽഹിയിലേക്ക് 'ജനദേഷ് യാത്ര'യ്ക്ക് രാജഗോപാൽ നേതൃത്വം നൽകിയിരുന്നു. രാജ്യത്തെ ഭൂരഹിതർക്ക് ഭൂമി വീണ്ടും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ യാത്ര ഒരു മാസം കൊണ്ട് 24 സംസ്ഥാനങ്ങളിലെ 350 ജില്ലകളിലൂടെ കടന്നുപോയി. ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാന താൽപരരായി ചമ്പലിൽ നിന്നുള്ള അഞ്ഞൂറോളം കൊള്ളക്കാർ അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു.
അർമേനിയയിൽ കൊവിഡ് വില്ലനായി
കൊവിഡ് യാത്ര മുടക്കുമെന്ന് കരുതിയെങ്കിലും അത്തരമൊരു ബുദ്ധിമുട്ടുണ്ടായില്ല. അർമേനിയയിൽ മാത്രമാണ് ചെറിയ പ്രായാസമുണ്ടായത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് യാത്ര നടത്തിയത്. ഈ സമയം രാജഗോപാലും സംഘവും അർമേനിയയിൽ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് അവിടെ വിശ്രമിച്ചു. മറ്റൊരു സംഘം യാത്ര തുടരുകയും ചെയ്തു.