കൈക്കൂലി കേസിൽ തച്ചങ്കരിക്ക് ക്ലീൻ ചിറ്റ്

Monday 21 September 2020 12:44 AM IST

തിരുവനന്തപുരം: കൈക്കൂലി കേസിൽ ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരിക്ക് ക്ലീൻ ചിറ്റ്. ഗതാഗത കമ്മീഷണർ ആയിരിക്കെ പാലക്കാട് ആർ.ടി.ഒയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. എന്നാൽ ആരോപണത്തിന് തെളിവില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്.

ഫോൺ സംഭാഷണത്തിന്റെ പേരിലായിരുന്നു കേസ്.

സംഭാഷണം താൻ റെക്കോർഡ് ചെയ്തിട്ടില്ലെന്നാണ് പാലക്കാട് ആർ.ടി.ഒയായിരുന്ന ശരവണൻ നൽകിയ മൊഴി. തച്ചങ്കരിയെ വിളിച്ച ഫോണും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. തുടർന്നാണ് തെളിവില്ലെന്ന് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെങ്കിലും വകുപ്പു തല അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കെയാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്. ഇപ്പോൾ ഡി.ജി.പിയായി പ്രൊമോഷൻ ലഭിച്ച തച്ചങ്കരി,​ ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞാൽ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.