പോപ്പുലർ തട്ടിപ്പ്: പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകും
Monday 21 September 2020 12:48 AM IST
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന ഉടമകളായ അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കും. എല്ലാവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയാണ് അടുത്ത നടപടി. ഇതുവരെ നടത്തിയ ചോദ്യം ചെയ്യലിൽ പൊരുത്തക്കേടുകളും വ്യക്തതക്കുറവുമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കമ്പനി നഷ്ടത്തിലായിരുവെന്ന് അറിയാമായിരുന്നുവെന്ന് അവസാനം പിടിയിലായ ഡോ: റിയ തോമസ് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസിൽ പിടിയിലായ 5 പേരിൽ എം.ഡി. തോമസ് ഡാനിയേൽ, ഭാര്യ പ്രഭാ ഡാനിയേൽ, മകളായ ഡോ: റീനു മറിയം തോമസ് എന്നിവരാണ് സാമ്പത്തിക തിരിമറിയിലെ മുഖ്യ കണ്ണികളെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. എല്ലാവരെയും വിശദമായി ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകുന്നത്.