ഈ യുവഡോക്ടർ കർഷകനാണ്

Monday 21 September 2020 12:53 AM IST
ഡോക്ടർ അഭിജിത്ത് കൃഷിയിടത്തിൽ

ഏനാത്ത് : രോഗികളെ ചികിത്സിക്കുന്നതിൽ മാത്രമല്ല കൃഷിയിലും തനിക്ക് മികവുണ്ടന്ന് തെളിയിക്കുകയാണ് ഈ യുവ ഡോക്ടർ. തിരുവനന്തപുരത്ത് സ്വകാര്യ ഹോസ്പിറ്റലിൽ സിദ്ധ ഡോക്ടറായ ഏനാത്ത് മുകളുവിള വടക്കതിൽ അഭിജിത്താണ് വീട്ടിലകപ്പെട്ട ലോക്ക് ഡൗൺ കാലം കൃഷിക്കായി ഉപയോഗപ്പെടുത്തിയത്. ലോക്ക് ഡൗൺ സമയത്ത് രോഗികളില്ലാതെ വീട്ടിൽ വെറുതെയിരുന്ന അഭിജിത്ത് സമയം എങ്ങനെ ചെലവഴിക്കാമെന്നാലോചിച്ചപ്പോഴാണ് പത്രങ്ങളിൽ പലരും കൃഷി ചെയ്യുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെടുന്നത്. അതൊരു പ്രചോദനമായി കണ്ടു. തരിശായി കിടന്ന ഒരേക്കർ സ്വന്തം വയലിൽ കൃഷി ചെയ്യാൻ തീരുമാനിച്ചു. സഹായത്തിന് അച്ഛനെയും കൂട്ടി, തൂമ്പയും കൂന്താലിയും എടുത്ത് ഇറങ്ങി കാടുവെട്ടി സ്ഥലം കിളച്ചൊരുക്കി വൃത്തിയാക്കി. ഡോക്ടർ ചികിൽസിച്ചിരുന്ന അസിസ്റ്റന്റ് കൃഷി ഓഫീസർ ബിജുസോമന്റെ നിർദ്ദേശമനുസരിച്ച് കൃഷി ആരംഭിച്ചു. വിവിധ ഇനം വാഴകൾ , പച്ചക്കറികൾ, ചേമ്പ് ,ചേന,കപ്പ ,നെല്ല് എന്നിവ കൃഷി ചെയ്തു. ചികിത്സാ ആവശ്യത്തിന് പലപ്പോഴും ഔഷധ സസ്യങ്ങൾ കിട്ടാതെ വരുന്നതിനാൽ ആടലോടകം , ചങ്ങലം പരണ്ട ,എരിക്ക് ,കരിനൊച്ചി ,മഞ്ഞൾ , മുള്ളാത്ത , വെറ്റില തുടങ്ങിയവയും നട്ടുപിടിപ്പിച്ചു. നെല്ല് വിളവെടുപ്പിന് പാകമായി. ഏനാത്ത് എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി അജികുമാറിന്റെയും അജിതകുമാരിയുടെയും മകനാണ് അഭിജിത്ത്.

വിളഞ്ഞ നെല്ല് വീട്ടുകാരുടെ സഹകരണത്തോടെ കൊയ്തെടുക്കും. കൃഷി മുന്നോട്ട് കൊണ്ടുപോകും.

ഡോ. അഭിജിത്ത്