കലാശക്കൊട്ടിൽ കനത്ത മഴ

Monday 21 September 2020 12:00 AM IST

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ കലാശക്കൊട്ടിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് സൂചന.കഴിഞ്ഞ രണ്ട് പ്രളയ വർഷങ്ങളെ അപേക്ഷിച്ച് ഈ മാസം ഇതുവരെ, സംസ്ഥാനത്ത് 1991.9 മില്ലിമീറ്റർ മഴ ലഭിച്ചു. ശരാശരിയെക്കാൾ 4 ശതമാനം കൂടുതലാണിത്. ഈ മാസം മുപ്പത് വരെ, ശരാശരിയിലും രണ്ട് മടങ്ങ് വരെ അധികം മഴ ലഭിച്ചേക്കും.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 9 ശതമാനം അധിക മഴയാണ് കേരളത്തിൽ ഇതുവരെ ലഭിച്ചത്.ചൈന കടലിൽ രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റായ നൗൾ നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്കുള്ള സാഹചര്യമാണ് നിലവിൽ. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിനൊപ്പം ആന്ധ്രാതീരത്തെ ചക്രവാതച്ചുഴിയും കേരളത്തിലേക്കുള്ള കാലാവർഷക്കാറ്റിനെ ശക്തമാക്കും.