നിത്യം ജയിക്ക, ജ്ഞാന പ്രകാശമേ...
അനാദിയായ ജ്ഞാനവും പൊരുളുമാണ് ഗുരു. ആ ജീവിതം അനന്തമായ തീർത്ഥാടനമാണ്. കൗമുടി ടിവി നിർമ്മിച്ച് സംപ്രേഷണം ചെയ്ത മഹാഗുരു ടെലിവിഷൻ പരമ്പരയിലെ രംഗങ്ങൾ കടംകൊണ്ട്, ഗുരുവിന്റെ ജീവിതമുദ്രകളിലൂടെ ഒരു യാത്ര. ഓരോ ദൃശ്യത്തിലും ഒരു കാലത്തിന്റെ പ്രതിഷ്ഠയും പ്രാർത്ഥനയുമുണ്ട്. പ്രപഞ്ചത്തിന്റെ എല്ലാ കാലത്തേക്കുമായി ജനിച്ചു ജ്വലിച്ച പ്രകാശപുരുഷനു മുന്നിൽ പ്രാർത്ഥനാപൂർവം.
..
(1) വയൽവാരം വീട്
ലോകഗതിയും ചരിത്രഗതിയും തിരുത്തിക്കുറിച്ച യുഗപുരുഷൻ പിറന്ന പുണ്യാലയം. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും പുത്രനായി കൊല്ലവർഷം 1032 ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ (1856 ആഗസ്റ്റ് 20) ജനനം. പിറന്നപ്പോൾ കരയുന്ന സാധാരണ പതിവ് തെറ്റിച്ച ആ ശിശു നാണുവായി, നാണു ആശാനായി, നാണുസ്വാമിയായി അനാചാരങ്ങൾ മൂലമുള്ള മനുഷ്യരാശിയുടെ കണ്ണീരൊപ്പുന്ന മഹാഗുരുവായി ആത്മീയനഭസോളം പടർന്നു പന്തലിച്ചു. ഭ്രാന്താലയമെന്ന ചെളിക്കുണ്ടിൽ നിന്ന് അറിവിന്റെ ദേവാലയദർശനത്തിലേക്ക് കേരളത്തെ കൈപിടിച്ച് നടത്തിയ ആ പുണ്യാത്മാവിന്റെ ജീവിതം നവോത്ഥാന ചരിത്രം കൂടിയാണ്.
(2) തപസിന്റെ സൂര്യശോഭ
ബാല്യത്തിലേ ഏകാന്തധ്യാനവും പ്രാർത്ഥനയും നാണുവിന്റെ ശീലമായിരുന്നു. കണ്ണങ്കര മൂത്തപിള്ളയുടെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസം. വാരണപ്പള്ളി തറവാട്ടിലെ വാസവും കുമ്മൻപിള്ളി രാമൻപിള്ള ആശാന്റെ കീഴിലുള്ള ഉപരിപഠനവും ആത്മീയ ചിന്തകളിലേക്കുള്ള പ്രേരണയായി. തൈയ്ക്കാട് അയ്യാഗുരുവിന്റെ ശിഷ്യത്വം തപസിലേക്കുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ചു. മരുത്വാമലയിലെ പിള്ളത്തടം ഗുഹയിലെ കൊടും തപസും അരുവിപ്പുറം കൊടിതൂക്കി മലയിലെ തപോനാളുകളും ആത്മീയത കലർന്ന കർമ്മങ്ങൾക്ക് വഴിതെളിച്ചു.
(3) അരുവിപ്പുറം പ്രതിഷ്ഠ രക്തരഹിത വിപ്ളവം
1888 മാർച്ച് 12 മഹാശിവരാത്രി നാളിൽ ആയുധമില്ലാതെ ചോര ചിന്താതെ, ഗുരുദേവൻ നടത്തിയ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ അറിവിനെ അക്ഷൗഹിണിയാക്കിയ പുതിയൊരു ധർമ്മയുദ്ധമായിരുന്നു. നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്ന് ഗുരു മുങ്ങിയെടുത്ത ശിവലിംഗം പുലർച്ചെ മൂന്നുമണിയോടെ പ്രതിഷ്ഠിച്ചപ്പോൾ ഇളകിത്തെറിച്ചത് ചാതുർവർണ്യത്തിന്റെ കോട്ടകൊത്തളങ്ങൾ. അക്ഷരാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും വിലക്കപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം ജനതയ്ക്ക് ആ രാത്രി പിന്നിട്ടപ്പോൾ സ്വാതന്ത്ര്യത്തിന്റെ പുലരിയായി. ആരാധിക്കാനും ഈശ്വരനെ പ്രതിഷ്ഠിക്കാനും അറിവു നേടാനുമുള്ള അവകാശം ആരുടെയും കുത്തകയല്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു ആ സുദിനം.
(4) ഡോ. പല്പുവും കുമാരനാശാനും
കർമ്മസാരഥിയും കാവ്യസാരഥിയും
ആത്മീയ സൂര്യനായ ഗുരുദേവന്റെ കർമ്മപഥത്തിലെ രണ്ട് ഉജ്ജ്വല നക്ഷത്രങ്ങളായിരുന്നു ഡോ. പല്പുവും കുമാരനാശാനും. അധിക യോഗ്യതകളുണ്ടായിട്ടും ജാതിയുടെ പേരിൽ അവഗണനയും അവഹേളനവും ഏറ്റുവാങ്ങേണ്ടിവന്ന ഡോ. പല്പുവിന്റെ വാക്കിലും ചിന്തയിലും മനസിലും നീറിയ അഗ്നിനാളങ്ങളെ ഗുരു തിരിച്ചറിഞ്ഞു. സ്വാമി വിവേകാനന്ദന്റെ സ്വാധീനം പല്പുവിന്റെ നേതൃപാടവത്തെ ജ്വലിപ്പിച്ചു. ഗുരുദേവനുമായുള്ള അടുപ്പവും സംവാദങ്ങളും ശ്രീനാരായണ ധർമ്മപരിപാലന യോഗമെന്ന (എസ്.എൻ.ഡി.പി യോഗം) മഹാപ്രസ്ഥാന രൂപീകരണത്തിലേക്ക് നയിച്ചു. കായിക്കരയിൽ നിന്ന് ഗുരുദേവൻ കണ്ടെടുത്ത കുമാരുവെന്ന കാവ്യമുത്ത് മലയാളത്തിന്റെ സ്നേഹകാവ്യകോകിലമായി. മഹാകാവ്യമെഴുതാതെ മഹാകവിയായി. ഗുരുദർശനങ്ങളും ചിന്തകളും ജനകീയമാക്കുന്നതിൽ ആശാന്റെ കാവ്യങ്ങൾ നിർണായക പങ്കുവഹിച്ചു.
(5) ആത്മസഹോദരങ്ങളായി
ഗുരുവും ചട്ടമ്പിസ്വാമിയും
തൈയ്ക്കാട് അയ്യാഗുരുവിന്റെ ഉത്തമ ശിഷ്യന്മാരായിരുന്നു ചട്ടമ്പിസ്വാമിയും ഗുരുദേവനും മഹാത്മ അയ്യൻകാളിയും. നാണുവാശാനെ അയ്യാഗുരുവിന് പരിചയപ്പെടുത്തുന്നത് ചട്ടമ്പിസ്വാമിയാണ്. കർമ്മവഴികൾ രണ്ടായിരുന്നെങ്കിലും ആത്മീയനഭസിലെ രണ്ട് കനകതാരങ്ങളായിരുന്നു ഇരുവരും. തപസും വപുസും വചസും സമൂഹനന്മയ്ക്കായി ഗുരുദേവൻ ബലിയർപ്പിച്ചപ്പോൾ ആത്മീയ ചിന്തകളുടെയും രചനകളുടെയും കൊടുമുടിയിലേക്കായിരുന്നു ചട്ടമ്പിസ്വാമികളുടെ ഏകാന്ത സഞ്ചാരം. അയ്യൻകാളിയാകട്ടെ പുതിയ സമരമുഖങ്ങൾ തുറന്ന് നവോത്ഥാനത്തിന് പുതിയ കരുത്തും തേജസും പകർന്നു.
ചട്ടമ്പിസ്വാമിക്ക് അസുഖമെന്നറിഞ്ഞ് ഗുരുദേവൻ സന്ദർശിക്കാനെത്തിയ മുഹൂർത്തം ആത്മസംഗീതത്തിന്റെ സൗരഭ്യം നിറഞ്ഞതായി.
(6) ശിവഗിരി ശാരദാമഠം അക്ഷരപ്രസാദം
ശിവഗിരിക്കുന്നിന് സരസ്വതീകടാക്ഷമായി ശാരദാദേവി വാഴുന്ന പുണ്യസ്ഥാനമാണ് ശാരദാമഠം. കൊല്ലൂരിൽ ശങ്കരാചാര്യർ മൂകാംബികയെ പ്രതിഷ്ഠിച്ചപോലെ ഗുരുദേവൻ അക്ഷരദേവനായ ശാരദാദേവിയെ പ്രതിഷ്ഠിച്ചു. 1908 സെപ്തംബർ 10ന് ശാരദാമഠത്തിന് ശിലാസ്ഥാപനം നടത്തി. ഇതോടനുബന്ധിച്ച് ഗുരു രചിച്ച ഒമ്പതു ശ്ളോകങ്ങളുള്ള മനോഹരമായ ദേവീസ്തുതിയാണ് ജനനീ നവരത്ന മഞ്ജരി. പ്രതിഷ്ഠാവിഗ്രഹമായി സരസ്വതി താമരപ്പൂവിൽ ഇരിക്കുന്ന രൂപം പഞ്ചലോഹത്തിൽ പണികഴിപ്പിക്കാൻ ഗുരു നിർദ്ദേശിച്ചു. ഗുരുവിന്റെ മറ്റു പ്രതിഷ്ഠകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ശാരദാപ്രതിഷ്ഠ. ഒരു നിലവിളക്ക് കൊളുത്തിവച്ച് ഒരു തൂശനിലയിൽ പൂക്കളും കൊണ്ടുവച്ച് തെച്ചിപ്പൂ പുഷ്പാഞ്ജലിയായി ഇലയിൽ തന്നെയിട്ടാൽ മതിയെന്നായിരുന്നു ഗുരുവരുൾ.
(7) ഗുരുവും ടാഗോറും ഋഷികവിയും കാവ്യകോകിലവും
1922 നവംബർ 15നാണ് ശ്രീനാരായണഗുരുവിനെ സന്ദർശിക്കാൻ നോബൽ സമ്മാനം നേടിയ ഭാരതത്തിന്റെ ദിവ്യകോകിലമായ രവീന്ദ്രനാഥടാഗോർ ശിവഗിരിയിലെത്തുന്നത്. മനുഷ്യസ്നേഹത്തിന്റെയും അനുകമ്പയുടെയും മഹാഗുരുവും ഋഷികവിയുമായ ഗുരുദേവനുമായുള്ള ആ സംഭാഷണം ഏറ്റവും മഹനീയമെന്ന് ടാഗോർ രേഖപ്പെടുത്തി. ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ചപ്പോൾ പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ മലയാളത്തിലെ നാരായണഗുരു സ്വാമികളെക്കാൾ മികച്ച ഒരു മഹാപുരുഷനെയും കാണാൻ സാധിച്ചില്ലെന്നായിരുന്നു ആ കവി മൊഴി. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖതേജസും, അത്രമാത്രം ടാഗോറിന്റെ മനസിൽ പതിഞ്ഞു.
(8) ഗാന്ധിജിയും ഗുരുദേവനും മഹാത്മാക്കളുടെ മഹാസംഗമം
1925 മാർച്ച് 12നാണ് ശ്രീനാരായണ ഗുരുവിനെ സന്ദർശിക്കാൻ മഹാത്മാഗാന്ധി ശിവഗിരിയിലെത്തിയത്. വിദേശശക്തികളിൽ നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരമുഖങ്ങളിലായിരുന്നു ഗാന്ധിജി അപ്പോൾ. അയിത്തം, അനാചാരം, ഭേദചിന്തകൾ എന്നിവയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള ആത്മീയ പോരാട്ട നടുവിലായിരുന്നു ഗുരുദേവൻ. ശിവഗിരിയിലും ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിലും അയിത്തമോ ഭേദചിന്തകളോ ഇല്ലെന്നറിഞ്ഞ് ഗാന്ധിജി അതിശയിച്ചു. ഒരു വൃക്ഷത്തിന്റെ ഇലകൾ പല ആകൃതിയിലല്ലേ എന്ന ഗാന്ധിജിയുടെ സംശയത്തിന് എല്ലാറ്റിന്റെയും സ്വാദ് ഒന്നാണെന്ന ഗുരുവിന്റെ മറുപടിയിൽ മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം കൂടിയുണ്ടായിരുന്നു.
(9) ജാതിയില്ലാ വിളംബരം ഗുരുദർശനപ്പൊരുൾ
ജാതിഭേദവും മതദ്വേഷവുമില്ലാതെ മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്നതിലായിരുന്നു ശ്രീനാരായണ ഗുരുവിന്റെ താത്പര്യം. താൻ മുൻകൈയെടുത്ത് രൂപീകരിച്ച സംഘടന ഉദ്ദേശലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായി സന്ദേഹമുണ്ടായപ്പോൾ ഗുരു പുറപ്പെടുവിച്ചതാണ് ജാതിയില്ലാവിളംബരം. 1091 ഇടവമാസം 15ന് (1916 ജൂൺ) ആലുവ അദ്വൈതാശ്രമം എന്നാണ് വിളംബരത്തിൽ. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ലെന്നും വിളംബരത്തിൽ ഉണ്ട്. പരമാത്മാവല്ലാതെ വേറൊന്നുമില്ല എന്ന അറിവാണ് ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയും പല സന്ദേശങ്ങളും.
(10) ശ്രീനാരായണ ധർമ്മസംഘം പിറവി
തന്റെ ആത്മീയ ശിഷ്യന്മാർക്കായി ഗുരുദേവന്റെ ആശയപ്രകാരം 1928 ൽ പിറവിയെടുത്തതാണ് ശ്രീനാരായണ ധർമ്മസംഘം. ഒരുജാതി ഒരുമതം ഒരുദൈവം എന്നുള്ള തത്വത്തെ ആദർശമായി വഴി കാണിച്ച് ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സാഹോദര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധർമ്മസംഘ രൂപീകരണം. ബോധാനന്ദ സ്വാമികൾ, ഗോവിന്ദാനന്ദ, വിദ്യാനന്ദ, ആത്മാനന്ദ, സുഗുണാനന്ദഗിരി, നീലകണ്ഠ ബ്രഹ്മചാരി, രാമാനന്ദൻ, നരസിംഹമൂർത്തി, പരമേശ്വരമേനോൻ, ശങ്കരാനന്ദ എന്നിവർ നിയമാവലിയിൽ ഒപ്പിട്ടു.
(11) പെരിയാറിൻതീരത്തെ സർവമത സമ്മേളനം
1893 ൽ ചിക്കാഗോയിലായിരുന്നു ആദ്യ ലോക സർവമത സമ്മേളനം. സർവമതസാരവും ഏകമെന്ന് ലോകത്തോട് വിളംബരം ചെയ്ത ആലുവയിലെ സർവമത സമ്മേളനം ലോകമെങ്ങും പ്രകീർത്തിക്കപ്പെട്ടു.
1924 മാർച്ച് മൂന്ന്, നാല് തീയതികളിലായിരുന്നു ആലുവയിൽ ഗുരു സംഘടിപ്പിച്ച സർവമത സമ്മേളനം. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന് രേഖപ്പെടുത്തിയതായിരുന്നു സമ്മേളനകവാടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാനാമത പ്രതിനിധികൾ പങ്കെടുത്തു. സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, സി.വി. കുഞ്ഞുരാമൻ തുടങ്ങിയവർ മുഖ്യസംഘാടകരായിരുന്നു. സ്നേഹവും ആത്മജ്ഞാനവും മതസാഹോദര്യവും പങ്കുവയ്ക്കുക എന്നതായിരുന്നു സമ്മേളന ലക്ഷ്യം.
(12) മഹാസമാധി
ശിവഗിരിമഠത്തിൽവച്ച് 1928 സെപ്തംബർ 20ന് (1105 കന്നി 5) ആയിരുന്നു ഗുരുവിന്റെ മഹാസമാധി. ഉയിരും ഉടലും തപസും ലോകക്ഷേമത്തിനും മനുഷ്യനന്മയ്ക്കുമായി ഹോമിച്ച മഹായോഗിയുടെ കർമ്മകാണ്ഡത്തിന്റെ പരിസമാപ്തിയറിഞ്ഞ് ഗുരുഭക്തന്മാരും വിശ്വാസികളും പൊട്ടിക്കരഞ്ഞു.
മൂന്നരമണിയോടുകൂടിയാണ് സമാധി വിവരം അറിയിച്ചുകൊണ്ട് ശിവഗിരിയിൽ കൂട്ടമണി മുഴങ്ങിയത്. സമാധി മന്ദിരത്തിനുള്ള പ്ളാൻ തയ്യാറാക്കിയത് മദ്രാസിലെ പ്രസിദ്ധ ആർക്കിടെക്ടായ ചിറ്റാലയാണ്. സമാധി സ്ഥാനത്തെ മാർബിൾ പ്രതിമ രൂപകല്പന ചെയ്തത് ബനാറസിലെ ശില്പിയായ പ്രൊഫസർ മുക്കർജി.. എം.പി മൂത്തേടത്താണ് സമാധിമന്ദിരത്തിന്റെയും പ്രതിഷ്ഠാവിഗ്രഹത്തിന്റെയും പണി കഴിപ്പിച്ചത്.