പെട്ടിമുടി ദുരന്തം: സർക്കാർ നിലപാട് മനുഷ്യത്വവിരുദ്ധം: കെ.സുരേന്ദ്രൻ

Monday 21 September 2020 12:07 AM IST

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ ധനസഹായം ഒരു ലക്ഷമായി കുറയ്ക്കാനുള്ള സർക്കാർ ഉത്തരവ് മനുഷ്യത്വവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാക്കി നാലു ലക്ഷം രൂപ ദുരന്തനിവാരണ അതോറിട്ടി കൊടുക്കുമെന്ന സർക്കാർ വാദം പാവങ്ങളെ പറ്റിക്കലാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. പെട്ടിമുടിയിൽ ദുരന്തമുണ്ടായപ്പോൾ പോകാൻ മടിച്ച മുഖ്യമന്ത്രി പ്രതിഷേധം ശക്തമായപ്പോഴാണ് അവിടെയെത്തിയത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക് കൂടുതൽ ധനസഹായം നൽകണമെന്ന് ബി.ജെ.പി ഉൾപ്പെടെയുള്ളവർ അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അതിന് വഴങ്ങിയില്ല. ഇപ്പോൾ ഇരകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന നിലപാടാണ് സർക്കാരിന്റേത്. സ്വർണക്കള്ളക്കടത്തുകാർക്കും കൺസൾട്ടൻസികൾക്കുമൊപ്പമാണ് സർക്കാർ. പാവങ്ങൾക്ക് ഇടതുഭരണത്തിൽ നീതി ലഭിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.