ബമ്പര്‍ ലോട്ടറി കണ്ടാല്‍ വിടാറില്ല, തിരുവോണക്കോടി നേടിയ ക്ഷേത്ര ജീവനക്കാരന്‍  അനന്തുവിന്റെ ഭാവി പരിപാടികള്‍ ഇങ്ങനെ

Monday 21 September 2020 9:42 AM IST

കൊച്ചി : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയത് കൊച്ചി കടവന്ത്രയിലെ ക്ഷേത്രം ജീവനക്കാരന്‍. ഇടുക്കി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ അനന്തുവിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ തിലകമായ ഓണം ബമ്പര്‍ അടിച്ചത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ അക്കൗണ്ടന്റാണ് അനന്തു. ലോട്ടറി അടിച്ചത് തനിക്കാണെന്ന് അറിഞ്ഞതോടെ സ്വയം വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു ആദ്യം. ഫലം വന്നപ്പോള്‍ ലോട്ടറി നറുക്കെടുപ്പ് ദിവസം രാവിലെ ഒന്നാം സമ്മാനം തനിക്കായിരിക്കുമെന്ന് കൂട്ടുകാരോട് തമാശയ്ക്ക് പറഞ്ഞതാണ് അനന്തു ആദ്യം ഓര്‍ത്തെടുത്തത്. വെറുതെ പറഞ്ഞത് സത്യമായിതീര്‍ന്ന ഞെട്ടലിലായിരുന്നു അപ്പോഴും ഈ ഇരുപത്തിനാലുകാരന്‍. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ഏജന്‍സിയില്‍ നിന്ന് ഏജന്റ് അളകസ്വാമി എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലം തനിക്കില്ലെന്ന് വ്യക്തമാക്കിയ അനന്തു പക്ഷേ ബമ്പര്‍ ടിക്കറ്റുകള്‍ എടുക്കുന്ന ശീലമുണ്ടെന്നും വെളിപ്പെടുത്തുന്നു. ഇതുവരെ അടിച്ച ഏറ്റവും വലിയ സമ്മാനം 5000 രൂപയായിരുന്നു. 12 കോടിയുടെ സമ്മാനതുകയില്‍ നികുതിയും കമ്മിഷനും കുറച്ച് ഏഴരക്കോടി രൂപ അനന്തുവിന് ലഭിക്കും.

ഇടുക്കി സ്വദേശിയായ അനന്തുവിന്റെ പിതാവ് പെയിന്റിംഗ് ജോലിയുടെ കരാറുകാരനാണ്. എം കോം ബിരുദധാരിയായ ചേച്ചിക്ക് വിവാഹാലോചനകള്‍ വരുന്ന സമയത്താണ് ഭാഗ്യം അനന്തുവിന്റെ കുടുംബത്തെ തേടിയെത്തിയത്. ബി കോം ബിരുദത്തിന് ശേഷമാണ് അനന്തു ക്ഷേത്രത്തില്‍ ജോലിക്ക് കയറിയത്, ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലുമാണ് ഈ യുവാവ്. അനുജന്‍ ബി ബി എ ബിരുദധാരിയാണ്.

content : Onam Bumper Winner Ananthu