ക്വാറന്റൈൻ ലംഘിച്ച് ചീഫ് സെക്രട്ടറിയുടെ ആഘോഷം, പൊന്മുടിയിൽ നാല് മുറികൾ തുറപ്പിച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയും കുടുംബവും വിനോദസഞ്ചാര കേന്ദ്രമായ തിരുവനന്തപുരത്ത് പൊന്മുടിയിലെ ഗസ്‌റ്റ് ഹൗസിൽ വിശ്രമത്തിനെത്തിയതായി സൂചന. ഇന്നലെ വൈകിട്ടോടെയൊണ് ചീഫ് സെക്രട്ടറിയും കുടുംബവും ഗസ്റ്റ് ഹൗസിൽ എത്തിയത്. കഴിഞ്ഞ ദിവസം തന്നെ ചീഫ് സെക്രട്ടറിക്കായി നാല് മുറികൾ ബുക്ക് ചെയ്തിരുന്നു. വി.ഐ.പി എത്തുന്നുണ്ടെന്നും മുറികൾ ഒരുക്കണമെന്നുമാണ് ഗസ്റ്റ് ഹൗസ് അധികൃതർക്ക് ലഭിച്ച നിർദ്ദേശം. പിന്നീടാണ് ഗസ്റ്റ് ഹൗസിൽ എത്തുന്നത് ചീഫ് സെക്രട്ടറിയും കുടുംബവും ആണെന്ന് അധികൃതർക്ക് മനസിലായത്. നിർദ്ദേശമനുസരിച്ച് മുറികൾ തയ്യാറാക്കുകയും ചെയ്തു.
കൊവിഡ് വ്യാപനത്തെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ പൊന്മുടിയിലെ ഗസ്റ്റ് ഹൗസ് അടച്ചിട്ടിരിക്കുന്നതിനിടെയാണ് അതീവ രഹസ്യമായി ചീഫ് സെക്രട്ടറിയും കുടുംബവും എത്തിയത്. മാത്രമല്ല, ഇവിടെ സന്ദർശകർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ചീഫ് സെക്രട്ടറിയുടെയും കുടുംബത്തിന്റെ അവധിയാഘോഷം. മാത്രമല്ല, ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി ക്വാറന്റൈനിൽ പോകേണ്ടതാണ്. അതൊഴിവാക്കിയാണ് ചീഫ് സെക്രട്ടറി പൊന്മുടിയിലെത്തിയത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും കനത്ത നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയാണ് ചീഫ് സെക്രട്ടറി. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ പൊന്മുടി സന്ദർശനം വിവാദമായി.