ഇപ്പോള്‍ ചിരിച്ചുകൊണ്ട് അരിയാവുന്ന സവാളയും എത്തിയിരിക്കുന്നു, സവാള പണ്ടത്തെപോലെ കരയിപ്പിക്കാത്തതെന്ത് കൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ?

Monday 21 September 2020 3:38 PM IST

തിരുവനന്തപുരം : ഒന്നുകില്‍ വിലകുറച്ച് കര്‍ഷകരെ കരയിപ്പിക്കും, അല്ലെങ്കില്‍ വില കുത്തനെ കൂട്ടി വാങ്ങുന്നവരെ കരയിപ്പിക്കും, ഈ ഗുണവിശേഷമുള്ള ഒരു സാധനം മാത്രമേ വിപണിയില്‍ കാണുകയുള്ളു അത് സവാളയാണ്. ഈ വര്‍ഷം ആദ്യം കിലോയ്ക്ക് ഇരുന്നൂറിനും മുകളില്‍ പോയ ഒരു സമയമുണ്ടായിരുന്നു സവാളയ്ക്ക് അവിടെ നിന്നും അഞ്ച് കിലോയ്ക്ക് നൂറ് രൂപ എന്ന നിലയിലേക്ക് ഇടിഞ്ഞായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി സവാളകച്ചവടം. മുന്‍പ് അരകിലോ വാങ്ങിയ രൂപയ്ക്ക് അഞ്ചു കിലോയും വാങ്ങി വീട്ടിലെത്തിച്ചപ്പോള്‍ സവാള, അരിയുന്നവരെയും സന്തോഷിപ്പിക്കുകയാണ്. എങ്ങനെയെന്നല്ലേ... ഇപ്പോള്‍ ചിരിച്ചുകൊണ്ട് അരിയാവുന്ന സവാളയും എത്തിയിരിക്കുന്നു. എന്നാല്‍ ഇതിന്റെ കാരണത്തെ കുറിച്ച് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഗുണമേന്‍മയിലുണ്ടായ കുറവാണോ, അതോ കേടാവാതിരിക്കുവാന്‍ എന്തെങ്കിലും രാസവസ്തു പ്രയോഗിക്കുന്നതിനാലാണോ എന്നും സംശയമുണ്ട്. കരയാതിരിക്കുന്നത് നല്ലകാര്യമാണെങ്കിലും അത്തരം സവാള കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്നു പറയേണ്ടത് ആരോഗ്യവിഭാഗമാണ്. അരിയുമ്പോള്‍ കരയിച്ചില്ലെങ്കിലും സവാള വില ഇപ്പോള്‍ ചെറുതായി ഉയരുകയാണ് സംസ്ഥാനത്ത്. കിലോയ്ക്ക് മുപ്പതിന് മുകളിലാണ് വില.

കരയിക്കുന്നത് അലിനാസസ്
ഉള്ളിയരിയുമ്പോള്‍ പുറത്ത് വരുന്ന അലിനാസസ് എന്ന എന്‍സൈം അമിനോ ആസിഡ് സള്‍ഫോക്‌സൈഡുമായി ചേരുമ്പോഴുണ്ടാവുന്ന രാസ പദാര്‍ത്ഥമാണ് നമ്മളെ കരയിക്കുന്നതിന് കാരണമാവുന്നത്.