അലനേയും താഹയേയും അറസ്റ്റ് ചെയ്തത് സര്‍ക്കാരുമായി ആലോചിക്കാതെ, മാവോയിസ്റ്റുകളാണെന്ന് പറഞ്ഞത് പൊലീസാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Monday 21 September 2020 4:21 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ആയുധമാക്കുന്ന ആരോപണങ്ങളും സര്‍ക്കാര്‍ ഫയലുകളും അദ്ദേഹത്തിന് എത്തിച്ച് കൊടുക്കുന്നത് സംസ്ഥാനത്തെ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേരളത്തില്‍ ഉദ്യോഗസ്ഥ ലോബി പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനത്ത് ലെജിസ്ലേച്ചറിലാണ് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുളളത്. എന്നാല്‍, എക്സിക്യൂട്ടീവിലടക്കം സ്വാധീനം വലതുപക്ഷ ശക്തികള്‍ക്കാണ്. അതില്‍ നിന്നുതന്നെ യു.ഡി.എഫിന് എങ്ങനെ ഫയല്‍ കിട്ടുന്നുവെന്നത് വ്യക്തമാണ്. ഉദ്യോഗസ്ഥര്‍ക്ക് മേലെ പരിമിതമായ അധികാരം മാത്രം വച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണകൂടത്തിന്റെ ചട്ടക്കൂടിന്റെ അകത്തുനിന്നാണ് ഇടതുപക്ഷ നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വലതുപക്ഷ ശക്തികള്‍ അധികാരത്തില്‍ വരണമെന്നതാണ് ഉദ്യോഗസ്ഥരുടെ വര്‍ഗപരമായ താത്പര്യം. ശിവശങ്കര്‍ അതിന്റെ ഭാഗമായിരുന്നു. അലനേയും താഹയേയും അറസ്റ്റ് ചെയ്തത് സര്‍ക്കാരുമായി ആലോചിക്കാതെയാണ്. അവര്‍ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞത് സര്‍ക്കാരല്ല, പൊലീസാണ്. ആ പൊലീസ് എക്സിക്യൂട്ടീവിന്റെ ഭാഗമാണ്. ഭരണകൂട സംവിധാനത്തിന്റെ നിയമാവലിയ്ക്ക് അകത്തുനിന്നു കൊണ്ട് മാമ്രേ ഉദ്യോഗസ്ഥര്‍ക്ക് മേലെ സര്‍ക്കാരിന് കടിഞ്ഞാണിടാന്‍ പറ്റുകയുള്ളൂ.

പ്രതിപക്ഷത്തിന്റെ പി.ആര്‍ വര്‍ക്ക്

പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ സംസ്ഥാനത്ത് നല്ലതു പോലെ പണമിറക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കോ സര്‍ക്കാരിനോ പി.ആര്‍ വര്‍ക്കിന്റെ ആവശ്യമില്ല. യു.ഡി.എഫാണ് പി.ആര്‍ വര്‍ക്ക് നടത്തികൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നടക്കം ഇതിനായി ഫണ്ടിംഗ് നടക്കുന്നുണ്ട്. 45 പേരടങ്ങുന്ന സംഘമാണ് പ്രതിപക്ഷത്തിന്റെ പി.ആര്‍ വര്‍ക്ക് നടത്തുന്നത്. സി.പി.എമ്മിന്റെ കൈയ്യില്‍ ഇതിന്റെ മുഴുവന്‍ കണക്കുമുണ്ട്. ഏതൊക്കെ നേതാക്കളാണ് പി.ആര്‍ വര്‍ക്ക് നടത്തുന്നതെന്നും അറിയാം. ആരൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ലന്നേ ഉള്ളൂ. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. പ്രതിപക്ഷത്തിന് എവിടെ നിന്നെല്ലാമാണ് ഓരോന്നും കിട്ടുന്നതെന്ന കൃത്യമായ ധാരണ ഞങ്ങള്‍ക്കുണ്ട്. സി.പി.എം ഇതൊന്നും അറിയുന്നില്ലെന്ന തെറ്റിദ്ധാരണ പ്രതിപക്ഷത്തിന് വേണ്ട. ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയാണ് സംസ്ഥാനത്ത് ഇതിനായി ചെലവഴിക്കുന്നത്.

സമരത്തില്‍ ക്രിമിനലുകളും സീറ്റ് മോഹികളും

സംസ്ഥാനത്ത് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല, ക്രിമിനലുകളാണ്. സ്വര്‍ണക്കടത്തിന്റെ പേരില്‍ ഇവിടെ ബി.ജെ.പിയും കോണ്‍ഗ്രസും യോജിച്ച് നടത്തിയ അഭ്യാസങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായി. കൊവിഡ് പടരാനുളള ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണ് ഈ സമരങ്ങള്‍. പരമാവധി രോഗം പകരട്ടെ എന്നാണ് അവരുടെ ലക്ഷ്യം. നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം വന്നതെന്ന് പറയുന്ന വിദേശകാര്യ സഹമന്ത്രി പിന്നെ ഏതിലാണ് സ്വര്‍ണം വന്നതെന്ന് പറയണം. അദ്ദേഹം പറയുന്നതിന് നേര്‍ വിപരീതമായാണ് എന്‍.ഐ.എയും കേന്ദ്രസര്‍ക്കാരും പറയുന്നത്. വി.മുരളീധരന്റെ ഗൂഢാലോചന അന്വേഷിക്കണം. സ്വര്‍ണക്കടത്തുമായി സര്‍ക്കാരിനോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ബന്ധമില്ല. ഇതുവരെ പിടിക്കപ്പെട്ടവരെല്ലാം ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരും ലീഗുകാരുമാണ്. പ്രതിപക്ഷം പൊലീസിനെയും മന്ത്രിയേയും കൊല്ലാന്‍ നോക്കി. ഞങ്ങളെ പേടിപ്പിച്ചാല്‍ ഞങ്ങളങ്ങ് രാജിവയ്ക്കുമന്നാണ് ഇവരൊക്കെ ധരിച്ചത്. ജലീലും രാജിവയ്ക്കില്ല ആരും രാജിവയ്ക്കില്ല. സമരത്തിന്റെ ഭാഗമായ ക്രിമിനലുകള്‍ക്കൊപ്പം ഉണ്ടായിരുന്നത് കോണ്‍ഗ്രസുകാരായ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് മോഹികളാണ്.

കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്‌തോട്ടെ

കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്‌തോട്ടെ. ചോദ്യം ചെയ്താല്‍ രാജിവയ്‌ക്കേണ്ട കാര്യമില്ല. യു.എ.ഇ സര്‍ക്കാരിനെ കളളക്കടത്തുകാരായി മാറ്റാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അവര്‍ കൊടുത്തയച്ച ഈന്തപ്പഴത്തിനകത്തെ കുരു സ്വര്‍ണമായിരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ഇവര്‍ ഒരു രാജ്യത്തിനെതിരെയാണ് കടന്നാക്രമണം നടത്തുന്നത്. യു.എ.ഇ സര്‍ക്കാര്‍ സംവിധാനത്തെ കളളക്കടത്താക്കി മാറ്റി ഗള്‍ഫിലുളള ലക്ഷക്കണക്കിന് മലയാളികളെ കൊലയ്ക്ക് കൊടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. രാജ്യത്തെ ജനങ്ങളെ പറ്റിക്കാനുളള ഈ പ്രചാര വേലകള്‍ അവസാനം ഇന്ത്യയ്ക്കും കേരളത്തിനും എതിരായി മാറും.

ആര്‍.എസ്.സിനും ലീഗിനും ഒരേ മുഖം

ഖുറാന്‍ വിവാദത്തില്‍ ആര്‍.എസ്.എസുകാര്‍ പറയുന്നത് മനസിലാക്കാം. എന്നാല്‍ അതുതന്നെയാണ് ലീഗുകാരും പറയുന്നത്. കളളക്കടത്തിന്റെ കൂട്ടത്തില്‍ ഖുറാനെ വലിച്ചിഴയ്ക്കുന്നതിനോട് മുസ്ലീം മതവിഭാഗത്തിനുളളില്‍ തന്നെ എതിര്‍പ്പുണ്ട്. ആ നിലപാട് അവര്‍ സ്വീകരിച്ചപ്പോള്‍ ലീഗ് മെല്ലെ പതറാന്‍ തുടങ്ങി. അതോടെയാണ് സി.പി.എം വര്‍ഗീയത പറയുന്നുവെന്ന് ലീഗുകാര്‍ പറയാന്‍ തുടങ്ങിയത്. മതനിരപേക്ഷ ഉളളടക്കമുളള പാര്‍ട്ടിയാണ് സി.പി.എം. ഞങ്ങളുടെ സെക്രട്ടറിക്ക് വര്‍ഗീയത പറയേണ്ട ആവശ്യമില്ല. രാഷ്ട്രീയവും മതവും കൂടി ചേര്‍ക്കുമ്പോഴാണ് വര്‍ഗീയത വരുന്നത്. വര്‍ഗീയത എന്നു പറഞ്ഞാല്‍ സീസര്‍ക്കുളളത് സീസര്‍ക്കും ദൈവത്തിനുളളത് ദൈവത്തിനുമായി പോയാല്‍ കുഴപ്പമില്ല. അതല്ലാതെ രണ്ടും പരസ്പരം ചേര്‍ത്ത് കഴിക്കുന്നവരാണ് വര്‍ഗീയവാദികള്‍.

അന്വേഷണമൊക്കെ മക്കള്‍ നേരിടും

പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെയും മന്ത്രി പുത്രന്മാര്‍ക്കെതിരേയും വരുന്ന ആരോപണങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കട്ടെ. മുഖ്യമന്ത്രിയുടെ മകനും മകള്‍ക്കും എതിരെ ആയാല്‍ പോലും അവര്‍ അന്വേഷിച്ച് നിലപാട് സ്വീകരിക്കട്ടെ. മക്കള്‍ വഴി നേതാക്കളെ കുടുക്കാന്‍ സാധിക്കില്ല. അന്വേഷണത്തെ മൂടിവയ്ക്കാന്‍ ഞങ്ങളാരും പോകില്ല. മന്ത്രിയുടെ മകനും സ്വപ്നയും തമ്മിലുളള ചിത്രവും അവര്‍ അന്വേഷിക്കട്ടെ. ഞങ്ങള്‍ക്ക് അതില്‍ ഭയമൊന്നുമില്ല. ആരെങ്കിലും പ്രതിയാക്കപ്പെടുകയാണെങ്കില്‍ പ്രതിയാകട്ടെ. ഞങ്ങള്‍ക്ക് അതിലും ഒരു പ്രശ്നവുമില്ല. നേതാക്കളുടെ മക്കള്‍ക്ക് എതിരെ കേസ് വന്നാല്‍ അവരേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും തമ്മില്‍ കൂട്ടികുഴയ്‌ക്കേണ്ട ആവശ്യമില്ല. വ്യക്തികളെന്ന നിലയില്‍ ഓരോന്നും പറയാനും പ്രവര്‍ത്തിക്കാനും അവര്‍ക്ക് അവകാശമുണ്ട്. കേസ് എന്തെങ്കിലും വന്നാല്‍ അവര്‍ തന്നെ കേസും നടത്തും.

പെരുമഴയത്ത് സര്‍ക്കാര്‍ ഒലിച്ചുപോകില്ല

ഈ വിവാദങ്ങളൊക്കെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന് കരുതുന്നവരാണ് ഈ കോലാഹലങ്ങളൊക്കെ നടത്തുന്നത്. പാര്‍ട്ടി അങ്ങനെ കരുതുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രതിപക്ഷത്തുളളവര്‍ക്ക് അത് മനസിലാകും. പ്രതിപക്ഷത്തിന്റെ തലയ്ക്കകത്ത് ഇപ്പോഴൊരു ഓളമുണ്ട്. കളളങ്ങള്‍ പറഞ്ഞുപറഞ്ഞ് മനുഷ്യന്റെ തലച്ചോറില്‍ കയറ്റുകയാണ് പ്രതിപക്ഷം. അത് പ്രതിരോധിക്കാനുളള പ്രവര്‍ത്തനങ്ങള്‍ സി.പി.എം നടത്തിയില്ലെങ്കില്‍ അവര്‍ പറയുന്നതിന് മുന്‍കൈ കിട്ടും. കൊവിഡ് കാലമായാലും അത് പ്രതിരോധിക്കുന്നതിനുളള രാഷ്ട്രീയ വിശദീകരണങ്ങളൊക്കെ ഞങ്ങള്‍ കൃത്യമായി ഓണ്‍ലൈനിലൂടെ നടത്തുന്നുണ്ട്. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ കേന്ദ്രങ്ങളിലൊന്നാണ് കേരളം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എത്ത്രോളം സ്വാധീനമുണ്ടോ അത്ത്രോളം സ്വാധീനം കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍മാര്‍ക്കും കേരളത്തിലുണ്ട്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയില്ല. വരികള്‍ക്കിടയില്‍ നിന്ന് വായിക്കാനും കേള്‍ക്കുന്നതിനിടയില്‍ നിന്ന് കേള്‍ക്കാനും ഉളള ശക്തി കേരളത്തിലെ സി.പി.എം അനുഭാവികള്‍ ആര്‍ജിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷ സമരങ്ങള്‍ക്കിടയിലും ഈ മുന്നണി ഇങ്ങനെ നിലനില്‍ക്കുന്നത്. ഈ പെരുമഴയത്ത് പിണറായി സര്‍ക്കാര്‍ ഒലിച്ചുപോകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പ്രതിപക്ഷത്തിന്റെ തലയിലുളള ഓളമാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും തലയിലെന്ന് ധരിക്കേണ്ടതില്ല