ഓഹരി വിപണിക്ക് കറുത്ത തിങ്കൾ

Tuesday 22 September 2020 3:00 AM IST

കൊച്ചി: ആഗോളതലത്തിലുണ്ടായ കനത്ത വില്പന സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് വീണു. സെൻസെക്‌‌സ് 811 പോയിന്റിടിഞ്ഞ് 38,034ലും നിഫ്‌റ്റി 254 പോയിന്റ് നഷ്‌ടവുമായി 11,​250ലുമാണ് വ്യാപാരാന്ത്യമുള്ളത്.

ഇൻഡസ് ഇൻഡ് ബാങ്ക്,​ ഭാരതി എയർടെൽ,​ ടാറ്റാ സ്‌റ്റീൽ,​ ഐ.സി.ഐ.സി.ഐ ബാങ്ക്,​ മഹീന്ദ്ര ആൻഡ് മഹീന്ദ്ര,​ മാരുതി സുസുക്കി,​ ആക്‌സിസ് ബാങ്ക് എന്നിവയാണ് നഷ്‌ടത്തിന് നേതൃത്വം കൊടുത്തത്.

വിറ്റൊഴിയലിന് പിന്നിൽ

 കാർഷിക ബിൽ സംബന്ധിച്ച ആശങ്കകളും എതിർപ്പുകളും

 ഇന്ത്യയിലെ കൊവിഡ് കേസുകളിലെ വർദ്ധന

 യൂറോപ്പിൽ കൊവിഡിന്റെ രണ്ടാം തരംഗം

 എച്ച്.എസ്.ബി.സി., ബർക്ളെയ്സ് തുടങ്ങിയ ബാങ്കുകളിൽ അനധികൃത പണം കൈമാറ്റം വൻതോതിൽ നടന്നുവെന്ന ഇന്റർനാഷണൽ കൺസോർഷ്യം ഒഫ് ഇൻവെസ‌്‌റ്റിഗേറ്റീവ് ജേണലിസ്‌റ്റിന്റെ റിപ്പോർട്ട്

 ഓഹരികളുടെ ഉയർന്ന നിലവാരത്തെ തുടർന്ന് സ്വാഭാവികമായുണ്ടായ വില്പന സമ്മർദ്ദം

₹4.23 ലക്ഷം കോടി

ആവിയായി!

ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 4.23 ലക്ഷം കോടി രൂപ. 159 ലക്ഷം കോടി രൂപയിൽ നിന്ന് 154.76 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യം താഴ്‌ന്നത്.