കൊവിഡിൽ തകർന്ന് സ്വർണക്കള്ളക്കടത്ത്

Tuesday 22 September 2020 3:05 AM IST

ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണിൽ പൊലിഞ്ഞത് സ്വർണക്കളക്കടത്തുകാരുടെ വാഴ്‌ചയും. ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യയിലേക്ക് നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ആഗസ്‌റ്റിൽ എത്തിയത് പ്രതിമാസം ശരാശരി രണ്ടു ടൺ മാത്രം.

നിലവിലെ ട്രെൻഡ് വിലയിരുത്തിയാൽ ഈവർഷം ഇന്ത്യയിലേക്ക് അനധികൃതമായി പരമാവധി 25 ടൺ സ്വർണം എത്താനേ സാദ്ധ്യതയുള്ളൂവെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി കൗൺസിൽ ചെയർമാൻ എൻ. അനന്തപത്മനാഭൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 120 ടൺ 'കള്ള സ്വർണം" ഇന്ത്യയിൽ എത്തിയിരുന്നു. ഇന്ത്യയിലെ മൊത്തം സ്വർണ ആവശ്യത്തിന്റെ 17 ശതമാനമാണിത്.

പ്രധാനമായും വിമാനത്താവളങ്ങളിലൂടെയാണ് ഇന്ത്യയിൽ സ്വർണക്കള്ളക്കടത്ത് നടക്കുന്നത്. ആറുമാസമായി വിമാനസർവീസുകൾ നിർജീവമായത് കള്ളക്കടത്ത് കുറയാൻ സഹായിച്ചു. കടൽവഴിയുള്ള കള്ളക്കടത്തും കുറഞ്ഞു. ഈവർഷം കടത്തപ്പെട്ട സ്വർണം എത്തിയത് പ്രധാനമായും നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ അതിർത്തികൾ വഴിയാണ്.

നടപ്പുവർഷം ഏപ്രിൽ മുതൽ ഇതുവരെ വിമാനത്താവളങ്ങളിൽ പിടികൂടിയ അനധികൃത സ്വർണം പ്രതിമാസം 20.6 കിലോഗ്രാമാണ്. കഴിഞ്ഞ ആറരവർഷത്തെ ഏറ്റവും കുറഞ്ഞനിരക്കാണിതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കുറയുന്ന കടത്ത്

(ഇന്ത്യൻ വിമാനത്താവളങ്ങളിൽ പിടിക്കപ്പെട്ട കള്ളക്കടത്ത് സ്വർണം - ടണ്ണിൽ)

2017-18 : 2.0

2018-19 : 3.0

2019-20 : 2.6

2020-21 : 0.1*

(*ഏപ്രിൽ-ആഗസ്‌റ്റ്)​

കള്ളക്കടത്തിന്

പിന്നിൽ

12.5 ശതമാനമാണ് ഇന്ത്യയിലേക്കുള്ള സ്വർണത്തിന് ഇറക്കുമതി ചുങ്കം. ആഭ്യന്തര വിപണിയിൽ മൂന്നു ശതമാനം ജി.എസ്.ടി കൂടി ചേരുമ്പോൾ 15.5 ശതമാനം. പുറമേ, സെസുമുണ്ട്. അനധികൃതമായി സ്വർണം കടത്തുന്നവർ, അവ 'സമാന്തര" വിപണി സൃഷ്‌ടിച്ച് വിറ്റഴിക്കുകയും ചെയ്യുന്നു.

നികുതിഭാരം ഇല്ലെന്നത് മാത്രമല്ല, ആഫ്രിക്കയിൽ നിന്നും മറ്റും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്വർണം കേരളത്തിൽ ഉൾപ്പെടെ എത്തിച്ച് നികുതി വെട്ടിച്ച് വിറ്റ് വൻ ലാഭവും ഇക്കൂട്ടർ നേടുന്നു.

₹3,000 കോടി​

സമാന്തര സ്വർണക്കച്ചവടം മൂലം കേരള സർക്കാർ ഖജനാവി​ലേക്ക് മാത്രം എത്താതെ പോകുന്നത് ഏകദേശം 3,000 കോടി​ രൂപയുടെ നി​കുതി​യാണ്. നി​യമപ്രകാരം കച്ചവടം നടത്തുന്നവരുടെ വി​പണി​യും കള്ളക്കടത്തുകാർ ഇല്ലാതാക്കുന്നു.

ആകാശവും കടലും

വി​മാനമാർഗമുള്ള സ്വർണക്കടത്താണ് സാധാരണ പി​ടി​ക്കപ്പെടുന്നത്. കടൽമാർഗമുള്ള കടത്ത് നി​യമവലയി​ൽ കുടുങ്ങാതെ പോകുകയാണ് പതി​വ്.

കേരളവും പൊന്നി​ൻ വി​പണി​യും

സാധാരണ ദി​നങ്ങളി​ൽ ശരാശരി​ 200 കി​ലോ സ്വർണമാണ് കേരളത്തി​ൽ വി​റ്റഴി​യുന്നത്. അക്ഷയതൃതീയ ദി​നത്തി​ൽ വി​ല്പന 1500 കി​ലോ വരെ എത്താറുണ്ട്.

₹35,000 കോടി​

പ്രതി​വർഷം ശരാശരി​ 35,000 കോടി​ രൂപയുടെ സ്വർണം കേരളത്തി​ൽ വി​റ്റഴി​യുന്നുണ്ടെന്നാണ് കണക്ക്.

₹700 കോടി​

സംസ്ഥാന സർക്കാരി​ന് സ്വർണമേഖലയി​ൽ നി​ന്ന് ലഭി​ക്കുന്ന നി​കുതി​ 700 കോടി​യോളം രൂപയാണ്.

''ലോക്ക്ഡൗണിൽ വിമാനങ്ങൾ കുറവായതിനാലും സർക്കാർ ഏജൻസികളുടെ അന്വേഷണം നടക്കുന്നതിനാലും കള്ളക്കടത്ത് കുറഞ്ഞിട്ടുണ്ട്; എന്നാൽ, നിലച്ചിട്ടില്ല. അത് നിർബാധം തുടരുക തന്നെയാണ്"",

അഡ്വ.എസ്. അബ്‌ദുൽ നാസർ,

ട്രഷറർ, എ.കെ.ജി.എസ്.എം.എ