2500 വർഷം മുൻപുള്ള ശവപ്പെട്ടികൾ കണ്ടെത്തി

Tuesday 22 September 2020 12:53 AM IST

കെയ്റോ: 2500 വർഷം മുൻപ് അടക്കം ചെയ്തവരുടെ ശവപ്പെട്ടികൾ കണ്ടെത്തി ഈജിപ്ത് പുരാവസ്തു ഗവേഷകർ. കഴിഞ്ഞ രണ്ട് ആഴ്ചയായി ഗിസ പിരമിഡിന് 16 കിലോമീറ്റർ അകലെയുള്ള സക്വറയിൽ നടക്കുന്ന ഗവേഷണത്തിലാണ് ഇത്രയും പഴക്കമുള്ള ശവപ്പെട്ടികൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 14 ശവപ്പെട്ടികളാണ് കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ച തുടക്കത്തിൽ 13 എണ്ണം കണ്ടെത്തിയിരുന്നു. ഇക്കുറി കണ്ടെത്തിയ മരത്തിൽ പണിഞ്ഞ ശവപേടകത്തിൽ മനോഹരമായി പെയിന്റ് ചെയ്തിട്ടുണ്ട്. ഇത്രയും വർഷം മുൻപുള്ള പെയിന്റിംഗിനെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചുമൊക്കെ കൂടുതൽ പഠനങ്ങൾ നടത്താൻ ഈ ഗവേഷണം സഹായിക്കുമെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്. ഇതൊരു തുടക്കം മാത്രമാണെന്ന് ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അൽ അനാനി അഭിപ്രായപ്പെട്ടു. വളരെ ചെറിയ പെട്ടി മുതൽ വലിയ പെട്ടികൾ വരെ ഗവേഷകർ കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞ ടൂറിസം മേഖലയെ വിപുലപ്പെടുത്താനായി നിരവധി പ്രോജക്ടുകളാണ് ഈജിപ്ത് തയാറാക്കുന്നത്. അതിന്റെ ഭാഗമായി പ്രശസ്തമായ ഗിസ പിരമിഡ് ജൂലായ് അവസാനം മുതൽ വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരുന്നു.