കെ.എസ്.ആർ.ടി.സിക്ക് വരുമാനം കുറവ്, കൊവിഡ് ഭീതി ഏറെ
പത്തനംതിട്ട: രണ്ടോ മൂന്നോ യാത്രക്കാരെ കൊണ്ട് 2000 രൂപയുടെ ഡീസലും അടിച്ച് പായുകയാണ് കെ.എസ്.ആർ.ടി.സി ബസ്. രാവിലെയും വൈകിട്ടും ജോലിക്കാരായിട്ടുള്ളവർ മാത്രമാണ് യാത്രക്കാർ. ശനിയും ഞായറും യാത്രക്കാരുടെ എണ്ണം പിന്നെയും കുറയും. മുമ്പുണ്ടായിരുന്ന വരുമാനത്തിന്റെ പകുതി പോലും ഇപ്പോൾ ഇല്ല. സർവീസുകളും മൂന്നിലൊന്നായി വെട്ടിക്കുറച്ചു. ഇതിനിടയിൽ കൊവിഡ് പരിഭ്രാന്തിയും ഉണ്ട്. യാത്രക്കാരിൽ ചിലർ മാസ്‌ക്ക് മാറ്റിയാണ് സംസാരിക്കുന്നത്. കൊവിഡിന് മുമ്പ് ദിവസം പത്തനംതിട്ടയിൽ നിന്ന് 78 ഓളം സർവീസുകൾ നടത്തിയിരുന്നതാണ് .
എന്നാലിപ്പോൾ അത് 23 ആയി കുറഞ്ഞു. യാത്രക്കാർ തീരെ കുറവാണ്. വരുമാനത്തിലും വലിയ കുറവാണ്. 89 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നിടത്ത് അത് ഒന്നര ലക്ഷത്തിൽ താഴെയായി.
* കൊവിഡ് ആശങ്കയേറെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ 18 പേർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് പോസിറ്റീവായി. ജീവനക്കാരുടെ നേതൃത്വത്തിൽ അണുനശീകരണവും നടത്തി. മെക്കാനിക്കൽ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരികരിച്ചിട്ടുള്ളത്. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതുവരെ രോഗം സ്ഥിരികരിച്ചിട്ടില്ല. രോഗം യാത്രക്കാരിലേക്ക് പടർന്നിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. എല്ലാ ജീവനക്കാർക്കും അടുത്ത ദിവസങ്ങളിൽ കൊവിഡ് പരിശോധന നടത്തും.
ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ഡിപ്പോ തിങ്കളാഴ്ച അടച്ചിട്ടു. ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. എല്ലാവർക്കും പരിശോധന നടത്തും. വരുമാനത്തിൽ വലിയ കുറവാണുള്ളത്. - കെ.എസ്.ആർ.ടി.സി അധികൃതർ