കനത്ത മഴയിൽ കാസർകോട്ട് രണ്ട് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. കാസർകോട് ജില്ലയിൽ രണ്ടുപേർ വെള്ളക്കെട്ടിൽ അകപ്പെട്ട് മരിച്ചു. മധൂർ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരൻ (37), ചെറുവത്തൂർ മയ്യിച്ചയിൽ സുധാകരൻ (50) എന്നിവരാണ് മരിച്ചത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. മഴയിൽ കാസർകോട്ട് അഞ്ച് വീടുകൾ പൂർണമായും അഞ്ചു വീടുകൾ ഭാഗികമായും തകർന്നു. മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഏഴ് കുടുംബംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. പട്‌ളയിലും ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂരിൽ 140 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കുപ്പം, കക്കാട് പുഴകൾ കരകവിഞ്ഞൊഴുകയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂരിൽ 23ഉം വയനാട്ടിൽ അഞ്ചും വീടുകൾ തകർന്നു. കണ്ണൂർ മലയോര മേഖലയിൽ രാത്രികാല ഗതാഗതം നിരോധിച്ചു.
മലപ്പുറത്ത് മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. പോത്തുകല്ലിൽ 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ രാത്രിയിൽ കനത്ത മഴയുണ്ടായി. ബാണാസുര സാഗർ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി. കഴിഞ്ഞ ദിവസം രണ്ട് ഷട്ടറുകൾ 15 സെന്റീമീറ്റർ ഉയർത്തിയിരുന്നു. കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
തെക്കൻ കേരളത്തിൽ മഴയ്ക്ക് ശക്തി കുറവാണെങ്കിലും ഡാമുകളിലേക്കുള്ള നീരൊഴുക്കിൽ വർദ്ധനയുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടർ 175 സെന്റിമീറ്ററും നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും 15 സെന്റിമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. കരമനയാറിന്റെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ശക്തമായ മഴയിൽ ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ ശക്തമായതിനാൽ ദുന്തനിവാരണ സേനയോട് ഏത് നിമിഷവും സജ്ജമായിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു
തിരുവനന്തപുരം: കാലവർഷം ശക്തമായി മൂന്നു നാൾ കൂടി തുറന്നാൽ, ഇടുക്കി ഉൾപ്പെടെയുള്ള വലിയ ഡാമുകൾ തുറന്നുവിടേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് കെ.എസ്.ഇ.ബി.ഇടുക്കി, ഇടമലയാർ ഡാമുകളിൽ ജലനിരപ്പ് 80 ശതമാനം പിന്നിട്ടു. കഴിഞ്ഞ മാസം മൂന്നു ദിവസം തുടർച്ചയായി മഴ ലഭിച്ചപ്പോഴും ജലനിരപ്പ് ശരാശരി 60 ശതമാനമായിരുന്നു. കനത്ത മഴ തുടരുന്നതിനിടെ ഞായറാഴ്ച കെ.എസ്.ഇ.ബിയുടെ ഒൻപത് ഡാമുകൾ തുറന്നിരുന്നു. ഷോളയാർ, ബാണാസുരസാഗർ, കുണ്ടള, ലോവർ പെരിയാർ, കല്ലാർ, മൂഴിയാർ, കല്ലാർകുട്ടി, പൊന്മുടി, പൊരിങ്ങൽക്കുത്ത് ഡാമുകളാണ് തുറന്നത്. ഇതിൽ തൃശൂരിലെ ഷോളയാറും വയനാട്ടിലെ ബാണാസുരസാഗറുമാണ് വലിയ അണക്കെട്ടുകൾ. ബാണാസുര സാഗറിൽ ഇന്നലെയും ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ 45 സെന്റിമീറ്റർ കൂടി ഉയർത്തി. ആകെ 90 സെന്റിമീറ്റർ ഷട്ടർ ഉയർത്തിയിരിക്കുകയാണ്. പുറത്തു വിടുന്ന ജലം സെക്കൻഡിൽ 75 ക്യൂബിക്സ് മീറ്ററായും, പുഴകളിൽ ജലനിരപ്പ് 60 സെന്റിമീറ്ററിലേറെയും വർദ്ധിച്ചു. ഡാമിന്റെ ഇരുകരകളിലെയും പ്രദേശവാസികളോട് മാറിത്താമസിക്കാൻ ജില്ലാഭരണകൂടം നിർദ്ദേശിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാൽ വ്യാപകമായ വെള്ളപ്പൊക്കമില്ല. ഇതുകാരണം ഡാം ചെറിയതോതിൽ തുറന്നുവിടുമ്പോൾ കൂടുതൽ പ്രശ്നങ്ങളുണ്ടാകില്ല. മഴയുടെ തോത് കൂടുകയും, ഇടവേള കുറയുകയും ചെയ്താൽ സ്ഥിതിഗതികൾ രൂക്ഷമാവും.