ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം ധനസഹായം

Tuesday 22 September 2020 12:00 AM IST

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ധനസഹായം വർദ്ധിപ്പിച്ചു. സ്ത്രീയിൽ നിന്നു പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാൻസ്‌മാൻ) സങ്കീർണവും ചെലവേറിയതുമായതിനാൽ പരമാവധി അഞ്ചു ലക്ഷം രൂപ അനുവദിക്കും. പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ശസ്ത്രക്രിയയ്ക്ക് (ട്രാൻസ് വുമൺ) പരമാവധി 2.50 ലക്ഷം വരെയാണ് അനുവദിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സ്ത്രീയിൽ നിന്നു പുരുഷനാകുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി അഞ്ചു ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പരമാവധി അഞ്ചു ലക്ഷം വീതം 25 ലക്ഷവും, പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ശസ്ത്രക്രിയയ്ക്കായി 10 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് 2.50 ലക്ഷം വീതം 25 ലക്ഷവും ചേർത്താണ് ആകെ 50 ലക്ഷം രൂപ അനുവദിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം സമർപ്പിക്കുന്ന ബില്ലുകളുടെയും ടെക്‌നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്.