'രണ്ടാമൂഴം' ഒത്തുതീർപ്പ് സുപ്രീംകോടതി അംഗീകരിച്ചു
ന്യൂഡൽഹി: 'രണ്ടാമൂഴം" സിനിമയാക്കുന്നത് സംബന്ധിച്ച് എം.ടി. വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷ അംഗീകരിച്ച ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ഒത്തുതീർപ്പ് വ്യവസ്ഥ ഇരുകൂട്ടരും പാലിക്കണമെന്ന് നിർദ്ദേശിച്ചു. എം.ടിക്കായി അഡ്വ. ജയ് മോൻ ആൻഡ്രൂസും ശ്രീകുമാർ മേനോന് വേണ്ടി അഡ്വ. വെങ്കിട്ട സുബ്രഹ്മണ്യവും ഹാജരായി. കോഴിക്കോട് മുനിസിഫ് കോടതിയിൽ എം.ടി നൽകിയ ഹർജി പിൻവലിക്കുന്നതോടെ ഒത്തുതീർപ്പ് കരാർ പ്രാബല്യത്തിൽ വരും.
ഒത്തുതീർപ്പ് ധാരണപ്രകാരം കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്കാണ് പൂർണാവകാശം. തിരക്കഥ ശ്രീകുമാർ മേനോൻ മടക്കി നൽകും. അഡ്വാൻസായി വാങ്ങിയ 1.25 കോടി എം.ടി തിരികെ കൊടുക്കും.