കട്ടപ്പന വലിയതോവാളയിലുണ്ട് 12 കോടിയുടെ ഭാഗ്യപുത്രൻ

Monday 21 September 2020 11:42 PM IST

കട്ടപ്പന: അനന്തു ഇപ്പോൾ അഭിനന്ദനങ്ങളുടെ നടുവിലാണ്. ബംബറടിച്ച ആളെ വെറുതെ ഒന്ന് കാണാൻ തിരക്കുകൂട്ടു ന്നവരുമുണ്ട്. തിരുവോണം ബംബർ സമ്മാനമായ 12 കോടി വലിയതോവാളയിലെ കുന്നിൻമുകളിലുള്ള പൂവത്തോലിൽ വീട്ടിലേക്കാണ് വന്നതെന്നറിഞ്ഞപ്പോൾമുതൽ നാട്ടിൽ ചർച്ച മുഴുവൻ ഇരുപത്തിനാലുകാരനായ അനന്തുവിന്റെ മഹാഭാഗ്യത്തെക്കുറിച്ചാണ്. എറണാകുളം എളംകുളത്തെ പൊന്നിയത്ത് ഭഗവതി ക്ഷേത്രത്തിൽ അക്കൗണ്ടന്റാണ് അനന്തു. അച്ഛൻ വിജയനും കട്ടപ്പനയിൽ നിന്നു തിരുവോണം ബംബർ ലോട്ടറി എടുത്തിരുന്നു. അച്ഛൻ ലോട്ടറി എടുക്കുന്നതു കണ്ടാണ് അനന്തുവും വല്ലപ്പോഴുമൊക്കെ ലോട്ടറിയെടുക്കാൻ തുടങ്ങിയത്. ചെറിയ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ഫലം വന്നപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചതറിഞ്ഞത്. തുടർന്ന് ലോട്ടറി ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു.

വളരെ പഴയ വീടാണ് അനന്തുവിന്റേത്. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം. നടപ്പാതയല്ലാതെ സഞ്ചാരയോഗ്യമായ റോഡ് പോലും ഇവിടേക്കില്ല. പെയിന്റിംഗ് തൊഴിലാളിയായ വിജയന് ലോക്ക് ഡൗൺ കാലയളവിൽ മാസങ്ങളോളം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടിവന്നിരുന്നു. അമ്മ സുമ കട്ടപ്പനയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സെയിൽസ് വുമൺ ആണ്. എം.കോം ബിരുദധാരിയായ സഹോദരി ആതിര കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. ലോക്ക് ഡൗണിൽ കമ്പനി പൂട്ടിയതോടെ ജോലിയില്ലാതായി. മകന് മഹാസൗഭാഗ്യം ലഭിച്ചതോടെ വിജയന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകൾ തളിർക്കുകയാണ്. ബിരുദധാരിയായ അനന്തുവിന്റെയും ഇളയമകൻ അരവിന്ദിന്റെയും തുടർപഠനം സാദ്ധ്യമാക്കണം, ആതിരയുടെ വിവാഹം നല്ലരീതിയിൽ നടത്തണം, മക്കളുടെ പഠനച്ചെലവിനായി കടം വാങ്ങിയ പണം തിരികെ നൽകണം, നല്ലൊരു വീട് നിർമ്മിക്കണം എന്നിങ്ങനെ പോകുന്നു സ്വപ്‌നങ്ങൾ. ഇന്നലെ വൈകിട്ട് എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് അനന്തു വീട്ടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തിൽ പങ്കുചേർന്നു.