നിയമസഭ കൈയാങ്കളി കേസിൽ സ്‌പീക്കറും മന്ത്രിമാരും ശിക്ഷിക്കപ്പെട്ട് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് പി.സി ജോർജ്; കേസിൽ പെട്ടവർ ജനങ്ങളോട് മാപ്പ് പറയണം

Tuesday 22 September 2020 1:42 PM IST

തിരുവനന്തപുരം: 2015 നിയമസഭയിൽ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ കൈയാങ്കളിയെ തുടർന്നുള‌ള കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്ണനും മന്ത്രിമാരും ശിക്ഷിക്കപ്പെട്ട് കാണാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് പി.സി.ജോർജ് എം.എൽ.എ. നിയമസഭയുടെ അന്തസും ആഭിജാത്യവും കെടുത്തുന്ന നടപടിയാണ് അന്ന് അവിടെയുണ്ടായത്. കേസിൽ പെട്ടവർ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു.

കേസ് പിൻവലിക്കണമെന്ന് സർക്കാർ‌ ആവശ്യം കോടതി തള‌ളിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ഉൾപ്പെട്ട അന്ന് എം.എൽ.എമാരായിരുന്ന ശ്രീരാമകൃഷ്ണനും കെ.ടി ജലീലും ഇ.പി ജയരാജനും ഇന്ന് സ്‌പീക്കറും മന്ത്രിമാരുമായി. ഡയസിൽ കയറിനിന്ന് കസേര അടിച്ചുപറിച്ച് കയ്യാങ്കളി നടത്തിയയാൾ ഇന്ന് സ്‌പീക്കറായിരിക്കുകയാണ്. പോക്രിത്തരം കാണിച്ചു എന്നിട്ട് കേസ് തള‌ളണം എന്ന് പറഞ്ഞാൽ എങ്ങനെയാണ്.അന്ന് കയ്യാങ്കളി കാണിച്ചവർ ജനങ്ങളോട് മാപ്പ് പറയട്ടെ. എന്നിട്ട് സഭ തീരുമാനിക്കട്ടെ. അല്ലാതെ കോടതിയിൽ പോയി കേസ് പിൻവലിക്കാൻ പറയുന്നത് ശരിയായ രീതിയല്ല. പി.സി ജോർജ് പറഞ്ഞു.

നിയമസഭയ്‌ക്ക് ഒരു മാന്യതയുണ്ടെന്നും അന്ന് സഭയിലൂടെ ചാടിച്ചാടി നടന്നയാൾ ദൈവസഹായം കൊണ്ട് തോ‌റ്റു. ജയരാജൻ കസേര വലിച്ച് താഴെയിടാൻ സഹായിച്ചത് ഇപ്പോൾ സ്‌പീക്കറായ ശ്രീരാമകൃഷ്‌ണനാണെന്നും ജോർജ് പറഞ്ഞു. നിയമസഭയിൽ കൈയാങ്കളി നടന്നത് എന്തിനാണെന്ന് ചർച്ച ചെയ്യുമ്പോൾ ജോസ്.കെ.മാണിയുടെ മുഖം വികൃതമാകുമെന്നും പി.സി ജോർജ് അഭിപ്രായപ്പെട്ടു.