അത് അവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും, കയ്യാങ്കളിക്കേസിലെ തിരിച്ചടിയിൽ സർക്കാരിനെ പരിഹസിച്ച് വി.ടി ബൽറാം

Tuesday 22 September 2020 3:54 PM IST

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തളളിയതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം. സി.പി.എമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങള്‍ എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവര്‍ പ്രതികളായ കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ 2015ലാണ് അക്രമം നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയാന്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ ശ്രമിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് ഇപ്പോള്‍ അപ്രസക്തമാണെന്ന് സിപിഎമ്മിനും എല്‍ഡിഎഫിനും നിലപാട് സ്വീകരിക്കാം. അതവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും. എന്നാല്‍ അതിന്റെ പേരില്‍ അന്ന് സിപിഎം കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങള്‍ കേരളത്തിന് അത്ര എളുപ്പം മറക്കാന്‍ കഴിയില്ല.

കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ആഭാസകരമായ അക്രമങ്ങളാണ് അന്ന് സിപിഎമ്മിന്റെ നേതൃത്ത്വത്തില്‍ അരങ്ങേറിയത്. കനത്ത നാശനഷ്ടങ്ങളുണ്ടായത് സംസ്ഥാനത്തിന്റെ പൊതുമുതലിനാണ്. സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങള്‍.