ശബരിമല തീർത്ഥാടനം കടുത്ത നിയന്ത്രണങ്ങളോടെ

Wednesday 23 September 2020 12:12 AM IST

പത്തനംതിട്ട: ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളോടെ മണ്ഡല, മകരവിളക്ക് തീർത്ഥാടനങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയേക്കും. ഇതുസംബന്ധിച്ച് , 28ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന വകുപ്പ് മേധാവികളുടെ യോഗത്തിൽ തീരുമാനമാവും. ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുക്കും.
കൊവിഡ് നാലാംഘട്ടം ഇളവുകളുടെ സാഹചര്യത്തിൽ, ഇൗ വർഷത്തെ ശബരിമല തീർത്ഥാടനം ഉപേക്ഷിക്കരുതെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയവുമാണ്. തീർത്ഥാടനം നടന്നാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യവും ഒഴിവാക്കാം. ആൾക്കൂട്ടം ഒഴിവാക്കി തീർത്ഥാടനം നടത്താമെന്ന് ബോർഡ് സർക്കാരിനെ അറിയിക്കും.

ദേവസ്വം ബോർഡിന്റെ

പ്രധാന നിർദേശങ്ങൾ

  • ശബരിമലയിലേക്ക് പ്രവേശനം വെർചൽ ക്യൂവിലൂടെ മാത്രം.
  • നിലയ്ക്കലിൽ കൊവിഡ് ആന്റിജൻ പരിശോധന വേണം.
  • പതിനെട്ടാംപടി കയറുന്നതിന് സാമൂഹിക അകലം നിർബന്ധമാക്കണം. എല്ലാ പടിയിലും ഒരേ സമയം ഭക്തർ പാടില്ല.
  • ഭക്തർക്ക് വിരിപ്പന്തലും താമസ സൗകര്യവും അനുവദിക്കില്ല.
  • അന്നദാനം, കുടിവെള്ള വിതരണം പരിമിതപ്പെടുത്തും.
  • അരവണ പ്രസാദം വിതരണം ചെയ്യാം.
  • ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദ വിതരണമില്ല
  • നെയ്യഭിഷേകത്തിന് ശ്രീകോവിലിലേക്ക് നേരിട്ട് നെയ്യ് സ്വീകരിക്കില്ല. ഒരു ഭാഗത്ത് സംഭരിച്ച് ആടിശിഷ്ടം ശ്രീകോവിലിലെത്തിക്കും.

ഇനി രണ്ട്

മാസമില്ല

നവംബർ 15നാണ് മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറക്കേണ്ടത്. റോഡ് അറ്റകുറ്റപ്പണി ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനം നടന്നിട്ടില്ല. കനത്ത മഴ തടസവുമാണ്. ആറ് ജില്ലകളിൽ നിന്നുള്ള ശബരിമല പാതകളുടെ അറ്റകുറ്റപ്പണിക്ക് 225 കോടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുണ്ട്.

" തീർത്ഥാടനക്കാര്യത്തിൽ. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും അഭിപ്രായം കൂടികേട്ട് അന്തിമ തീരുമാനമെടുക്കണം. അതിനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്."

-എൻ. വാസു,

ദേവസ്വം ബോർഡ് പ്രസിഡന്റ്.