₹28,869 കോടിയുടെ വികസന പദ്ധതികളുമായി ഐ.ഒ.സി

Wednesday 23 September 2020 3:35 AM IST

കൊച്ചി: പ്രവർത്തന വിപുലീകരണത്തിെന്റെയും വൈവിദ്ധ്യവത്കരണത്തിന്റെയും ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 28,869 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നു. പെട്രോകെമിക്കൽ പദ്ധതികളിൽ കൂടുതൽ ശ്രദ്ധിക്കാനും ഇതിന്റെ ഭാഗമായി ടെക്‌റ്റൈൽ മാനുഫാക്‌ചറിംഗിലേക്ക് ചുവടുവയ്‌ക്കാനുമാണ് കമ്പനിയുടെ നീക്കം.

പെട്രോകെമിക്കലിന് ഊന്നൽ നൽകി ഗുജറാത്തിലെ വഡോദര റിഫൈനറിയുടെ വികസനത്തിനായി 17,825 കോടി രൂപ നിക്ഷേപിക്കും. ഈ പ്ളാന്റിന്റെ ശേഷി 13.7 മില്യൺ ടണ്ണിൽ നിന്ന് 18 ടണ്ണിലേക്ക് ഉയർത്തും. 0.5 മില്യൺ ടണ്ണിന്റെ പോളിപ്രൊപ്പിലീൻ പ്ളാന്റും 2.35 ലക്ഷം ടണ്ണിന്റെ ലൂബ് ഓയിൽ ബേസ് സ്‌റ്റോക്ക് യൂണിറ്റും ഇവിടെ സ്ഥാപിക്കുമെന്ന് ഇന്ത്യൻ ഓയിൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു.

നിലവിൽ ഈ പ്ളാന്റിൽ പെട്രോകെമിക്കൽ ശേഷി പ്രതിവർഷം 3.2 മില്യൺ ടണ്ണാണ്. ഒരു ദശാബ്‌ദത്തിനകം ഇത് 70 ശതമാനത്തിലേറെ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഒഡീഷയിലെ പാരദ്വീപിൽ എത്തിലീൻ ഗ്ലൈക്കോൾ, പാരാക്‌സിലീൻ/പ്യൂരിഫൈഡ് ടെറഫ്‌താലിക് ആസി‌ഡ് പ്ളാന്റും സ്ഥാപിക്കും. ടെക്‌സ്‌റ്റൈൽ വ്യവസായത്തിന് ആവശ്യമായ പോളിയെസ്‌റ്റർ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിന് ഊന്നൽ നൽകുകയാണ് ഇതിലൂടെ ലക്ഷ്യം.

ഒഡീഷയിലെ ഭദ്രകിൽ 1,970 കോടി രൂപയുടെ ടെക്‌സ്‌റ്റൈൽ മാനുഫാക്‌ചറിംഗ് പ്ളാന്റും സ്ഥാപിക്കും. നിലവിൽ രാജ്യത്ത് പെട്രോകെമിക്കൽ ഉത്പാദക രംഗത്ത് രണ്ടാമത്തെ വലിയ കമ്പനിയാണ് ഇന്ത്യൻ ഓയിൽ. ഇന്ത്യയുടെ ഇന്ധന ഉത്‌പാദനത്തിൽ മൂന്നിലൊന്നും കൈകാര്യം ചെയ്യുന്ന ഐ.ഒ.സിക്ക് 29,8311 പെട്രോൾ പമ്പുകളുണ്ട്.

കേരളത്തിൽ, എറണാകുളം പുതുവൈപ്പിൽ കമ്പനിയുടെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ പുരോഗമിക്കുകയാണ്. പൈപ്പ്‌ലൈൻ, സംഭരണ ടാങ്കുകൾ എന്നിവയുടെ നിർമ്മാണമാണ് നിലവിൽ ഇവിടെ പുരോഗമിക്കുന്നത്.