മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ്, സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി
തിരുവനന്തപുരം: കൃഷിമന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. അദ്ദേഹവുമായി ബന്ധപ്പെട്ടവരോട് നിരീക്ഷണത്തിൽപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുനിൽകുമാറിന് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. ധനമന്ത്രി തോമസ് ഐസക്കിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇ പി ജയരാജനും രോഗം ബാധിച്ചു. രണ്ടുപേരും കൊവിഡ് മുക്തരായി.
ഇന്നലെ സംസ്ഥാനത്ത് 4125 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 40,382 ആയി ഉയർന്നു. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 3463 പേർ സമ്പർക്കരോഗികളാണ്. 412 പേരുടെ ഉറവിടം വ്യക്തമല്ല. 19 മരണങ്ങളും റിപ്പോർട്ടു ചെയ്തു. 87 ആരോഗ്യപ്രവർത്തകർ കൂടി രോഗബാധിതരായി. ചികിത്സയിലായിരുന്ന 3007 പേർ രോഗമുക്തരായി. തലസ്ഥാനത്താണ് രോഗികൾ കൂടുതൽ. ജില്ലയിൽ 681 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.