അപകടങ്ങൾ തുടരില്ല; നടപടി ഉറപ്പേകി അധികൃതർ

Thursday 24 September 2020 12:40 AM IST
അപകടങ്ങൾ പതിവായ ചെറുമുക്കിൽ പരിശോധനയ്ക്കെത്തിയ അധികൃതർക്ക് താഴെച്ചിന യൂത്ത് ക്ലബ്ബ് പ്രവർത്തകർ നിവേദനം നൽകുന്നു.

തിരൂരങ്ങാടി: തിരൂരങ്ങാടി ചെറുമുക്ക് റോഡിൽ സ്ഥിരമായി അപകടങ്ങൾക്ക് വഴിവെക്കുന്ന അശാസ്ത്രീയ ഡ്രൈനേജ് സംവിധാനം പരിഹരിക്കുമെന്ന ഉറപ്പുമായി അധികൃതർ. റോഡ് നിരപ്പിനേക്കാൾ ഉയരത്തിലുള്ള ഡ്രൈനേജ് സ്ലാബുകൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്തതിനെ തുടർന്ന് ചെറുതും വലുതുമായ അപകടങ്ങൾ പതിവായത് സംബന്ധിച്ച് കേരളകൗമുദി തിങ്കളാഴ്ച നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പരപ്പനങ്ങാടി പൊതുമരാമത്ത് റോഡ് വിഭാഗം,​ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്, മലപ്പുറം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. അപകട കാരണം സംബന്ധിച്ച് ജില്ലാ കളക്ടർ ചെയർമാനായ റോഡ് സേഫ്റ്റി കൗൺസിലിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് തിരൂരങ്ങാടി എം.വി.ഐ എം.കെ.പ്രമോദ് ശങ്കർ പറഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻ‌ജിനീയർ സിദ്ധിഖ്, ഓവർസിയർ സി.സുരേഷ് എന്നിവർ റോഡും ഡ്രൈനേജ് പരിസരവും പരിശോധിച്ചു. പ്രശ്ന പരിഹാരത്തിന് വേഗത്തിൽ നടപടി സ്വീകരിക്കുമെന്നും ഇടുങ്ങിയ ഇടങ്ങളിൽ റോഡിന് വീതി കൂട്ടാൻ നടപടിയെടുക്കുമെന്നും പൊതുമരാമത്ത് വിഭാഗം എൻജിനീയർ സിദ്ധിഖ് അറിയിച്ചു. മലപ്പുറം എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.വി.അരുൺ, രാംജി.കെ.കരൺ എന്നിവർ അപകട കാരണങ്ങളും വിലയിരുത്തി. ചെമ്മാട് തിരൂരങ്ങാടി ഭാഗത്തുള്ളവർക്ക് താനൂർ തിരൂർ ഭാഗത്തേക്കും, തിരൂർ, താനൂർ, നന്നമ്പ്ര ഭാഗങ്ങളിലുള്ളവർക്ക് കരിപ്പൂർ വിമാനത്താവളത്തിലേക്കും എളുപ്പത്തിൽ എത്തിപ്പെടാനുള്ള ഏക റോഡാണിത്. വാഹനങ്ങൾ അമിത വേഗതയിൽ പോവുന്നതും അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ച്ചയായിട്ടുണ്ട്.

റോഡിലെ അശാസ്ത്രീയതകൾ പരിഹരിച്ച് വാഹന വേഗത കുറയ്ക്കുന്നതിന് വേണ്ട സൂചനാ ബോർഡുകളും മറ്റും സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് തിരുരങ്ങാടി താഴെച്ചിന യൂത്ത് ക്ലബ് പ്രവർത്തകർ പി.കെ.അബ്ദുറബ്ബ് എം.എൽ.എ, പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ, തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് എന്നിവർക്ക് നിവേദനം നൽകി. ക്ലബ് അംഗങ്ങളായ പ്രസിഡന്റ് മുർക്കത്ത് നജീബ്,​ സെക്രട്ടറി എ.പി.അബ്ദുൽ വഹാബ്, കൗൺസിലർ തടത്തിൽ നൗഫൽ, കെ.എം. അമീൻ, എം.പി.സൽമാൻ, മുസ്തഫ ചെറുമുക്ക്, മണക്കടവൻ അയ്യൂബ്, അലിമോൻ തടത്തിൽ തുടങ്ങിയർ സന്നിഹിതരായിരുന്നു.