അമിത വാടകക്കെതിരെ നെഹ്റു പാർക്ക് ബിൽഡിംഗിൽ വ്യാപാരികളുടെ പ്രതിഷേധം

Thursday 24 September 2020 12:47 AM IST
ആലുവ നഗരസഭ ഉടമസ്ഥതയിലുള്ള ബാങ്ക് കവല നെഹ്റു പാർക്ക് അവന്യൂവിലെ വ്യാപാരികൾ പ്രതിഷേധം നടത്തുന്നു

ആലുവ: അമിതമായ മാസ വാടകയും ഡെപ്പോസിറ്റും കുറക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഉടമസ്ഥതയിലുള്ള ബാങ്ക് കവല നെഹ്റു പാർക്ക് അവന്യൂവിലെ വ്യാപാരികൾ പ്രത്യക്ഷ സമരമാരംഭിച്ചു. അമിത വാടകക്ക് പുറമെ ലോക്ക് ഡൗൺ കാലത്തെ വാടക പൂർണമായി ഒഴിവാക്കാതെ നഗരസഭ അധികൃതർ മുഖം തിരിഞ്ഞു നിൽക്കുകയാണ്.

അനാശ്വാസ്യക്കാരും മയക്കുമരുന്ന് മാഫിയയുടെയും താവളമായി കെട്ടിടം മാറി. അനധികൃത പാർക്കിംഗിനും പരിഹാരമില്ല. നഗരസഭ അധികൃതർക്കെതിരെ കെട്ടിടത്തിലെ അവശേഷിക്കുന്ന വ്യാപാരികൾ 'കണ്ണ് തുറക്കൂ പരിഗണിക്കൂ' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധിച്ചത്. സമരസമിതി കൺവീനർ ഗഫൂർ ലജന്റ് ഉദ്ഘാടനം ചെയ്തു. ഇനിയും ഈ അനാസ്ഥ തുടർന്നാൽ മുറിപ്പൽ ഓഫീസിന് മുന്നിലും 'മരണമോ പരിഹാരം' എന്ന പേരിൽ സമരമാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ പ്രസാദ്, ബിജു, ഡിജോ, ഷിഹാബ്, സക്കീർ റോസ്, അൻസിൽ, ബിനിൽ ഓംകാർ, വൽസല, ബിന്ദു, ഐശ്വര്യ ടീംസ്, എന്നിവർ പങ്കെടുത്തു.