കാലാവസ്ഥ മാറി, നെൽക്കൃഷി മാറണം
ആലപ്പുഴ: കാലവർഷത്തിലെ വ്യതിയാനം കണക്കിലെടുത്ത് മഴക്കാലത്ത് വിളവെടുപ്പ് ഒഴിവാക്കും വിധം നെൽകൃഷി ചെയ്യണമെന്ന് വിദഗ്ദ്ധർ. ജൂൺ, ജൂലായ് മാസങ്ങളിൽ എത്തിയിരുന്ന കാലവർഷം 2018-ലെ മഹാപ്രളയത്തിനുശേഷം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി. നെല്ല് കതിരിടുന്ന സമയത്ത് മഴപെയ്താൽ പതിര് കൂടും. വിളവെടുപ്പ് സമയത്ത് നെല്ല് വീഴാനും സാദ്ധ്യതയുണ്ട്. 2019-ലും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു.
ഒറ്റകൃഷി മാത്രമുള്ള കരിനിലങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ വിളവെടുക്കാനാവുംവിധം കൃഷിയിറക്കുന്നതാണ് ഗുണകരം. മാർച്ചിന് മുമ്പ് കൊയ്ത്ത് തീരുംവിധം പുഞ്ചകൃഷിയും ക്രമപ്പെടുത്തണം. ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള നടപടികളും സ്വീകരിക്കണം.
ഇഷ്ടം ഉമ
വിളവെത്താൻ 120 ദിവസം വരെ വേണ്ടിവരുന്ന ഉമ (എം.ഒ-16) വിത്താണ് കുട്ടനാട്ടിൽ ഉപയോഗിക്കുന്നത്. രണ്ടാം കൃഷിയിൽ മൂപ്പെത്താൻ 140 ദിവസംവരെ വേണ്ടിവരും. മൂപ്പ് കുറഞ്ഞ പുതിയ ഇനം ഉപയോഗിച്ചാൽ രണ്ടാംകൃഷി കൂടുതൽ ആദായകരമാക്കാം. പക്ഷേ, ബഹുഭൂരിപക്ഷം കർഷകർക്കും പ്രിയം ഉമയോടാണ്.
പൗർണമി കേമം
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ 2017-ൽ വികസിപ്പിച്ചെടുത്ത പൗർണമി (എം.ഒ.23) ഇനം കുട്ടനാടിന് പുറമെ കൊല്ലം, കുമരകം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉപയോഗിക്കുന്നുണ്ട്. താപത്തെ അതിജീവിക്കാൻ കെല്പുള്ളതിനാൽ രണ്ടാം കൃഷിക്ക് അത്യുത്തമം.
പ്രത്യേകതകൾ
*മൂപ്പ് 115 മുതൽ 120 ദിവസം വരെ
*മെച്ചപ്പെട്ട വിളവ് (ഹെക്ടറിൽ 7000-7500 കിലോ വരെ)
* രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കും
*കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കും
ന്യൂനത
വിളവ് അടുക്കുമ്പോൾ ചായാനുള്ള പ്രവണത. മഴക്കാലത്ത് വീണുപോകാനിടയുണ്ട്.
'മൂന്ന് വർഷമായി മഴക്കാലത്തിൽ മാറ്റമുണ്ട്. ഇതിന് അനുസരണമായി കൃഷിയിറക്കണം.
-ബി.ബി.സ്മിത, (അസിസ്റ്റന്റ് ഡയറക്ടർ, സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് മങ്കൊമ്പ്)
'ഉമയോളംതന്നെ വിളവ് തരും പൗർണമി. രുചിയും പാചകഗുണവും കൂടുതൽ. കർഷകർക്കിടയിൽ പ്രചാരമേറുന്നുണ്ട്.
-ഡോ.വന്ദന. (പ്രൊഫ.ആൻഡ് ഡിപ്പാർട്ട്മെന്റ് ഹെഡ്, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം)