ആവശ്യത്തിന് പറക്കാതെ സർക്കാരിന്റെ വാടക ഹെലികോപ്ടർ

Thursday 24 September 2020 2:40 AM IST

തിരുവനന്തപുരം:പ്രതിമാസം 1.70 കോടി രൂപ നൽകി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടർ ദുരന്തനിവാരണത്തിനോ മാവോയിസ്റ്റ് വേട്ടയ്ക്കോ പറ്റില്ല. കാറ്റ് വീശിയാലോ, മഴ മാനത്ത് കണ്ടാലോ പറക്കില്ല. വി.വി.ഐ.പികൾക്ക് ചുറ്റിക്കറങ്ങാനും വ്യോമനിരീക്ഷണത്തിനുമടക്കം യാത്രാ ആവശ്യങ്ങൾക്ക് മാത്രം.

ആറ് മാസം കൊണ്ട് പത്തുകോടിയോളം രൂപ വാടകനൽകിയ കോപ്ടർ പറന്നത് ആറ് വട്ടം മാത്രം. പറന്നാലും ഇല്ലെങ്കിലും വാടകയിൽ കുറവില്ല. പ്രകൃതിദുരന്ത സ്ഥലങ്ങളിലേക്കുപോലും പറക്കാനാവാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെറുതേയിട്ടിരിക്കുകയാണ് . മാവോയിസ്റ്റ് വേട്ടയ്ക്കും ഉപയോഗിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റ് നിരീക്ഷണത്തിനു പോകുമ്പോൾ കാണുന്നത് വനത്തിനു മുകളിലെ പച്ചപ്പ് മാത്രമാണ്.വനത്തിനുള്ളിൽ ഒളിച്ചുകഴിയുന്ന മാവോയിസ്റ്റുകളെ കാണാനാവില്ല. കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളയുമെന്ന് പൊലീസ് പറയുന്നു.ഏപ്രിൽ ഒന്നിനാണ് പൊതുമേഖലാസ്ഥാപനമായ പവൻഹാൻസിൽ നിന്ന് എ.എസ് 365 ഡൗഫിൻ-എൻ ഇരട്ടഎൻജിൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. മാസം ഇരുപത് മണിക്കൂർ പറക്കാൻ 1,44,60,000രൂപ വാടക. 18ശതമാനം ചരക്കുസേവന നികുതിയടക്കം 1,70,63,000രൂപ. 20മണിക്കൂറിൽ കൂടിയാൽ മണിക്കൂറിന് 67,926രൂപവീതം നൽകണം. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ എയർലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ടെന്നാണ് അന്ന് പറഞ്ഞത്. മേയ്9നും ജൂലായ്21നും അവയവമാറ്റത്തിനുള്ള ഹൃദയവുമായി കോപ്ടർ കൊച്ചിയിലേക്ക് പറന്നു. ചീഫ്സെക്രട്ടറി വിശ്വാസ്‌മേത്തയും ഡിജിപി ലോക്നാഥ്ബെഹറയുമൊത്ത് വിരമിക്കുന്നതിന്റെ തലേന്ന് ടോംജോസ് പമ്പയിലേക്ക് വിവാദയാത്ര നടത്തിയതും ഈ കോപ്ടറിലാണ്. നാലുമാസം 80മണിക്കൂർ പറക്കാമായിരുന്ന കോപ്ടർ ഇതുവരെ പത്ത്മണിക്കൂർ പോലും പറന്നിട്ടില്ല.

ചെലവ് ഭീകരം

ഫ്രഞ്ച് നിർമ്മിതമായ 11സീറ്റുള്ള കോപ്ടറിന്റെ ഇന്ധനം, ക്രൂ, അറ്റകുറ്റപ്പണി, സ്റ്റാഫ്, പരിപാലനം, പാർക്കിംഗ് ഫീസടക്കമാണ് 1.70കോടി മാസവാടക. 2പൈലറ്റുമാർ, എൻജിനീയറിംഗ് മെയിന്റനൻസ് ജീവനക്കാരടക്കം എട്ടുപേരുണ്ട്. കേരളം 1.70കോടിനൽകിയ കോപ്ടറിന് ഛത്തീസ്ഗഡിൽ 85ലക്ഷമേ വാടകയുള്ളൂ.