കുതിച്ചുയർന്ന് കൊവിഡ്

Thursday 24 September 2020 12:31 AM IST

 ആദ്യമായി 500 കടന്നു, വ്യാപനം 10000 പിന്നിട്ടു

കൊല്ലം: ഇന്നലെ ജില്ലയിൽ പിറന്നത് ആശങ്കയുടെ പുതിയ കൊവിഡ് റെക്കാർഡ്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് (503)​ രോഗം സ്ഥിരീകരിച്ച ദിനമായിരുന്നു ഇന്നലെ. വരും ദിവസങ്ങളിൽ കൊവിഡ് കണക്ക് കുത്തനെ ഉയരാനാണ് സാദ്ധ്യത. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ 10045 ആയി. ഇതിൽ 6567 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ജില്ലയിൽ 2955 പേരാണ് കൊവിഡ് ബാധിതരായത്. അതിന് മുൻപുള്ള 10 ദിവസത്തിൽ 2166 പേർക്കായിരുന്നു രോഗം ബാധിച്ചത്. രോഗവ്യാപന നിരക്കിൽ വൻ വർദ്ധനവുണ്ടാകുന്നെന്ന സൂചനയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ നൽകുന്നത്. ആലപ്പാട് 9-ാം വാർഡ്, അഴീക്കൽ, കുഴിത്തുറ, ഈസ്റ്റ് കല്ലട ഉപ്പൂട്, കുലശേഖരപുരം ആദിനാട്, കൊല്ലം കന്റോൺമെന്റ് സൗത്ത്, തങ്കശ്ശേരി, തൃക്കടവൂർ കുരീപ്പുഴ, പുന്തലത്താഴം, ശക്തികുളങ്ങര, ചവറ പുതുക്കാട്, തൃക്കരുവ കാഞ്ഞാവെളി, പ്രാക്കുളം, മണലിക്കട, തൃക്കോവിൽവട്ടം മൈലാപ്പൂര്, തൊടിയൂർ കല്ലേലിഭാഗം, നീണ്ടകര, പവിത്രേശ്വരം കൈതക്കോട്, മൈനാഗപ്പള്ളി, വെളിനെല്ലൂർ കാളവയൽ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

 ഇന്നലെ 503 പേർക്ക്

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്ത് നിന്നും മൂന്നുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 498 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞമാസം 22ന് മരിച്ച ആയൂർ സ്വദേശി രാജേഷ് (37), ഈമാസം 8ന് മരിച്ച തട്ടാമല സ്വദേശിനി സുൽഫത്ത്(57), 20ന് മരിച്ച പൂയപ്പള്ളി സ്വദേശിനി സൂസമ്മ രാജു(62) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ 152 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3436 ആയി.

ജാഗ്രതയല്ലാതെ വേറെ വഴിയില്ല

നിയന്ത്രണങ്ങൾ ഒന്നൊന്നായി നീങ്ങുമ്പോഴാണ് കൊവിഡ് വ്യാപനം കുതിച്ചുയരുന്നത്. എല്ലാവരും സ്വയം ജാഗ്രത പാലിക്കുകയല്ലാതെ കൊവിഡിനെ പിടിച്ചുകെട്ടാൻ വേറെ വഴിയില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമാണ് നിലവിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ളത്. വ്യാപാര സ്ഥാപനങ്ങളിൽ ജനങ്ങൾ സാമൂഹ്യഅകലം പാലിക്കാത്തത് വലിയ ഭീഷണിയാണ്. ചന്തകളിലും തിരക്കേറിത്തുടങ്ങി. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടോയെന്ന് പൊലീസും തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധിക്കാത്തതും തിരിച്ചടിയാവുന്നുണ്ട്.

ആകെ കൊവിഡ് ബാധിച്ചത്: 10045

രോഗമുക്തർ: 6567

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ: 184

ജില്ലാ ആശുപത്രിയിൽ: 215

ഐ.സി.യുവിൽ: 21

വെന്റിലേറ്ററിൽ: 5