മന്ത്രി സുനിൽകുമാറിന് കൊവിഡ്
Friday 25 September 2020 12:00 AM IST
തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ മന്ത്രിസഭായോഗത്തിൽ ഓൺലൈൻ വഴി ഔദ്യോഗികവസതിയിലിരുന്ന് പങ്കെടുക്കുമ്പോഴാണ് മന്ത്രിക്ക് കൊവിഡ് പരിശോധനാഫലം എത്തിയത്. മന്ത്രി തന്നെയാണ് വിവരം മന്ത്രിസഭയെ അറിയിച്ചത്. മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചയ്ക്ക് ഒന്നോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എല്ലാ ആഴ്ചയിലും തൃശൂരിൽ നിന്ന് മടങ്ങിയെത്തിയാലുടൻ മന്ത്രി ആന്റിജൻ ടെസ്റ്റ് നടത്താറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇന്നലെയും പരിശോധന നടത്തിയത്. മന്ത്രിയുമായി നേരിട്ട് ഇടപഴകിയ പ്രൈവറ്റ് സെക്രട്ടറി പി.വി. മനോജ്‌കുമാർ ഉൾപ്പെടെയുള്ള പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിലായി. രണ്ട് എം.എൽ.എമാർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.