മഹിളാമോർച്ച മാർച്ചിനിടെ വലിച്ചെറിഞ്ഞ ഹെൽമറ്റ് പതിച്ച് വഴിയാത്രക്കാരന് പരിക്ക്
Thursday 24 September 2020 2:23 AM IST
കട്ടപ്പന: മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച ജില്ലാ കമ്മിറ്റി കട്ടപ്പന ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തിനിടെ നിലത്തുവീണ വനിതാപൊലീസിന്റെ ഹെൽമെറ്റ് ഒരു പ്രവർത്തക എടുത്തെറിഞ്ഞത് പതിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. കട്ടപ്പന സ്വദേശി ബാബു(60)വിനാണ് പരിക്കേറ്റത്. ഇടുക്കിക്കവലയിൽ നിന്നു നൂറോളം പേർ അണിനിരന്ന മാർച്ച് കട്ടപ്പന പൊലീസ് സ്റ്റേഷനുസമീപം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് പൊലീസുമായി ഏറെനേരം ഉന്തും തള്ളുമുണ്ടായത്. ചിലർ ബാരിക്കേഡ് ചാടിക്കടന്നു. സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രമ്യ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.