ആളെത്തുമോ..? തുറക്കാൻ മടിച്ച് ഹോട്ടലുകൾ

Thursday 24 September 2020 12:50 PM IST

തിരുവനന്തപുരം: അൺലോക്ക് പ്രകിയയുടെ ഭാഗമായി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും എല്ലാ ഭക്ഷണശാലകളും ഉടൻ തുറക്കില്ല. തുറക്കുന്ന ഹോട്ടലുകളാകട്ടെ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കുകയും ചെയ്യും. അതേസമയം, ബസ് ഓടിക്കാനുള്ള തീരുമാനംപോലെയാകും ഇതെന്ന് ഹോട്ടലുടമകൾ കരുതുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നുണ്ടെങ്കിലും യാത്രക്കാർ കുറവാണ്. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ബസിൽ കയറാനുള്ള ആശങ്കയാണ് കാരണം. അതുപോലെയാകുമോ ഹോട്ടലുകളുടെ കാര്യവുമെന്നാണ് ഹോട്ടലുടമകളുടെ ആശങ്ക. ഭക്ഷണം ഉണ്ടാക്കിവച്ചശേഷം ആൾക്കാർ എത്തിയില്ലെങ്കിൽ അതെല്ലാം വേസ്റ്റാകും. അത് വലിയ നഷ്ടത്തിന് ഇടയാക്കുകയും ചെയ്യും. ഇപ്പോൾ പാഴ് സലായി കൊടുക്കുന്നുണ്ട്. അത് നിശ്ചിത അളവിൽ ഉണ്ടാക്കിയാൽ മതിയാവും. അത് തുടരാനാണ് പല ഹോട്ടലുകളുടേയും തീരുമാനം.

തുറക്കാൻ വെല്ലുവിളികളേറെ

ചെറുതും വലുതുമായി തിരുവനന്തപുരം ജില്ലയിൽ 2500 ഹോട്ടലുകളാണുള്ളത്. നഗരത്തിൽ അറുന്നൂറോളം ഭക്ഷണശാലകൾ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന് (കെ.എച്ച്.ആർ.എ)​ കീഴിൽ പ്രവർത്തിച്ചു വരുന്നു. നേരത്ത പാഴ്സൽ സർവീസിന് സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും 25 ശതമാനം ഹോട്ടലുടമകൾ മാത്രമേ ഈ അവസരം ഉപയോഗിച്ചിരുന്നുള്ളൂ. മാസങ്ങളായി അടഞ്ഞുകിടന്നതിനെ തുടർന്ന് ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും സാധന സാമഗ്രികൾ ഉപയോഗിക്കാതെ കിടന്ന് പലതും കേടായിട്ടുണ്ട്. ജനങ്ങൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കണമെങ്കിൽ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. കേടായ മേശകളും കസേരകളുമൊക്കെ അറ്റകുറ്റപ്പണി നടത്തണം. മാത്രമല്ല,​ കടകൾ പൂർണമായി അണുവിമുക്തമാക്കുകയും ശുചീകരിക്കുകയും വേണം. ഇതിനായി വൻ സാമ്പത്തിക ബാദ്ധ്യത വരും. ഹോട്ടലുകളുടെ വലിപ്പചെറുപ്പം അനുസരിച്ച് 5000 മുതൽ ഒരു ലക്ഷം രൂപാ വരെ ചെലവിട്ടാൽ മാത്രമേ ഹോട്ടലുകൾ പ്രവർത്തനക്ഷമമാക്കാനാകു. ലോക്ക്ഡൗൺ കാലത്തെ നഷ്ടത്തിനു പുറമെ ഇതിനുള്ള തുകയും കണ്ടെത്തേണ്ടി വരും.

തൊഴിലാളികളില്ല

ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്നാൽ ആവശ്യമായ തൊഴിലാളികളെ കിട്ടുമോയെന്ന ആശങ്കയും ബാക്കി നിൽക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഒക്കെ തൊഴിലാളികൾ വേണം. ഇവരിൽ കൂടുതൽ പേരും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് മിക്കവരും സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാതിരുന്നതിനാൽ തന്നെ ഇവരൊന്നും മടങ്ങിവന്നിട്ടില്ല. ഇനിയും ഇവർ മടങ്ങിവരുമെന്ന പ്രതീക്ഷയും ഹോട്ടലുടമകൾക്കില്ല. തദ്ദേശീയരായ തൊഴിലാളികളിൽ പലരും മറ്റു പല ജോലികളും തേടിപ്പോയി. അവരും ഇനിയും ഹോട്ടൽ ജോലിയിലേക്ക് മടങ്ങിവരാൻ ഇടയില്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

സാമൂഹിക അകലം വെല്ലുവിളിയാകും

ഹോട്ടലുകൾ തുറന്നാലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുമാത്രമേ ഭക്ഷണം വിളമ്പാനാകൂ. മാത്രമല്ല,​ ഹോട്ടലുകളിൽ സാനിറ്റൈസറും കരുതേണ്ടി വരും. സാമൂഹിക അകലം പാലിച്ചു മാത്രമേ ഭക്ഷണം വിളമ്പാനാകൂ എന്ന നിർദ്ദേശമുള്ളതിനാൽ ഒരു മേശയിൽ രണ്ട് പേർക്കേ ഇരുന്ന് ഭക്ഷണം കഴിക്കാനാകൂ. ഇതും തിരിച്ചടിയാണ്. ഇനി സൗകര്യങ്ങൾ എല്ലാം ഒരുക്കിയാൽ തന്നെ ജനങ്ങൾ ഭക്ഷണം കഴിക്കാൻ എത്തുമോയെന്ന ആശങ്ക വേറെയുമുണ്ട്. നിലവിൽ പാഴ്സൽ നൽകുന്നതിനുള്ള അനുമതി ഉപയോഗപ്പെടുത്തുന്നത് 25-40 ശതമാനം ഹോട്ടലുകൾ മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ ഹോട്ടലുകൾ തുറക്കുന്ന കാര്യത്തിൽ അസോസിയേഷൻ പ്രത്യേക നിർദ്ദേശമൊന്നും നൽകിയിട്ടില്ല. തുറക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തുറക്കാം. അല്ലാത്തവർക്ക് സൗകര്യം പോലെ തുറക്കാമെന്ന നിർദ്ദേശമാണ് അസോസിയേഷൻ നൽകിയിരിക്കുന്നത്.

ഹോട്ടലുകൾ തുറക്കുന്നത് പെട്ടെന്ന് നടക്കുന്നതല്ല. സൗകര്യങ്ങൾ ആദ്യം മുതൽ ഒരുക്കണം. ചെലവേറെയാണ് .

- ബി.വിജയകുമാർ, തിരു. ജില്ലാസെക്രട്ടറി, കെ.എച്ച്.ആർ.എ