തിരുകേശ വിവാദം: പറഞ്ഞത് സ്വന്തം അഭിപ്രായമെന്ന് മുഖ്യമന്ത്രി

Thursday 24 September 2020 8:04 PM IST

തിരുവനന്തപുരം: പ്രവാചകന്റെ മുടി ബോഡി വേസ്റ്റാണെന്ന് പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുകേശ വിവാദവുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായി കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞിരുന്നു.

മുന്‍ നിലപാട് പിണറായി ആവര്‍ത്തിച്ചത് ഖേദകരമാണെന്ന അഭിപ്രായം പലയിടത്തും ഉയര്‍ന്നതായി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, താന്‍ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും എതിരഭിപ്രായമുള്ളവര്‍ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

''ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്. വിശ്വാസത്തിന്റെ ഭാഗമായി മറ്റ് ചിലര്‍ക്ക് വേറെ അഭിപ്രായമുണ്ടായിരിക്കാം. അവരുടെ വിശ്വാസം എനിക്കുണ്ടാകണമെന്നില്ല. വിശ്വാസത്തിന്റെ ഭാഗമായി അവര്‍ ചില കാര്യങ്ങള്‍ പറയുന്നു. മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് അന്ന് ചോദിച്ചപ്പോഴും ഞാന്‍ പറഞ്ഞത്,'' പിണറായി വ്യക്തമാക്കി.