ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല നിലവിൽ

Friday 25 September 2020 12:02 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലത്ത് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല യാഥാർത്ഥ്യമാക്കിക്കൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നലെ ഒപ്പുവച്ചതോടെ, സർവകലാശാല നിലവിൽവന്നു. ഓർഡിനൻസ് ഇന്ന് ഗസറ്റ് വിജ്ഞാപനമായി ഇറക്കും.

പ്രായപരിധിയില്ലാതെ ഏത് കോഴ്സുകളും ലോകത്തെവിടെയിരുന്നും പഠിക്കാവുന്ന സമ്പൂർണ ഓൺലൈൻ സംവിധാനമാണ് സർവകലാശാലയുടെ പ്രത്യേകത. സംസ്ഥാനമാകെ അധികാരപരിധിയും. ഒക്ടോബർ രണ്ടിനാണ് ഉദ്ഘാടനം.

ഗവർണറാണ് ചാൻസലർ. ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രോ ചാൻസലറും. വൈസ്ചാൻസലർ, പ്രോ വൈസ്ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് കൺട്രോളർ തുടങ്ങിയ നിയമനങ്ങൾ ഉടൻ നടത്തും. അക്കാഡമിക് കൗൺസിലും ബോർഡ് ഒഫ് സ്റ്റഡീസും സെനറ്റും സിൻഡിക്കേറ്റുമുണ്ട്. സൈബർ കൗൺസിലാണ് പ്രത്യേകത. രജിസ്ട്രേഷൻ, പഠനം, മൂല്യനിർണയം എന്നിങ്ങനെ പ്രവർത്തനങ്ങളെല്ലാം ഓൺലൈനായതിനാൽ അതിന്റെ രീതികൾ തീരുമാനിക്കുന്നതും പിഴവുകൾ തിരുത്തുന്നതുമെല്ലാം സൈബർ കൗൺസിലായിരിക്കും. വിദേശ സർവകലാശാലകളിൽ മാത്രമുള്ള കൗൺസിൽ രാജ്യത്ത് ആദ്യമാണ്. അഞ്ച് ഐ.ടി വിദഗ്ദ്ധരാവും കൗൺസിലിൽ.

കേരള, കലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി ശ്രീനാരായണഗുരു സർവകലാശാലയിലേക്ക് മാറ്റും. നിലവിൽ വിദൂരപഠനം നടത്തുന്നവർക്ക് അവിടെ പഠനം പൂർത്തിയാക്കാം. ഈ അദ്ധ്യയനവർഷം മുതലുള്ള പ്രവേശനം ഓപ്പൺ സർവകലാശാലയിലായിരിക്കും. സയൻസ് വിഷയങ്ങളിലും വിദൂര കോഴ്‌സുകളും പ്രൈവറ്റ് രജിസ്ട്രേഷനും. പരമ്പരാഗത കോഴ്സുകൾക്ക് പുറമെ, മൂന്ന് മാസം മുതൽ ഒരുവർഷം വരെ ദൈർഘ്യമുള്ള തൊഴിലധിഷ്‌ഠിത, തൊഴിൽ നൈപുണ്യ കോഴ്സുകളാണ് പ്രത്യേകത. ഇടയ്ക്ക് പഠനം നിറുത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്ക​റ്റ് നൽകും.

യു.ജി.സി അംഗീകാരമുള്ള സർവകലാശാലകളുടെ ഓപ്പൺ, വിദൂര, റഗുലർ ബിരുദങ്ങൾ എല്ലാ സർവകലാശാലകളും 2017 മുതൽ പരസ്പരം അംഗീകരിക്കണമെന്ന് യു.ജി.സി ചട്ടം പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാൽ ഓപ്പൺ സർവകലാശാലയുടെ കോഴ്സുകൾക്ക് എല്ലാ സർവകലാശാലകളുടെയും അംഗീകാരം ലഭിക്കും. സർക്കാർ നിർദ്ദേശിച്ചാൽ പി.എസ്.സിയും ബിരുദം അംഗീകരിക്കും. നിലവിൽ കേരളത്തിലെ വിദൂര കോഴ്സുകളുടെ ബിരുദം പി.എസ്.സി അംഗീകരിക്കുന്നുണ്ട്.

നൂതന കോഴ്സുകൾ

  • ജോലിചെയ്യുന്നവർക്ക് പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന അൽഗോരിതം ഡിസൈൻ, ഡേറ്റാ സയൻസ് തുടങ്ങിയ റീ-സ്കില്ലിംഗ് കോഴ്സുകൾ.
  • ആർട്സ് വിഷയങ്ങൾക്ക് പുറമെ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിറ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിലാണ് നിലവിൽ വിദൂരപഠനം. ഇവിടെ കൂടുതൽ സയൻസ് കോഴ്സുകളുണ്ടാവും.
  • ഫ്രഞ്ച്, ജർമ്മൻ ജാപ്പനീസ്, ചൈനീസ്, അറബിക്, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ഡിപ്ലോമാ കോഴ്സുകൾ. വിവർത്തനവും പഠിക്കാം.